ഇൻസ്റ്റാഗ്രാമിലൂടെ യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ച വർക്കല സ്വദേശി അറസ്റ്റിൽ …
ഇരിങ്ങാലക്കുട : ഇൻസ്റ്റാഗ്രാമിലൂടെ യുവതിയുടെ നഗ്ന ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ച വർക്കല സ്വദേശിയെ സൈബർ ക്രൈം സി ഐ ബി കെ സുനിൽ കൃഷ്ണൻ അറസ്റ്റ് ചെയ്തു. വർക്കല മണ്ണാർതൊടി വീട്ടിൽ അൽഅമീനിനെയാണ് ( 28 വയസ്സ്) തിരുവനന്തപുരം സ്വദേശിനിയും ഇപ്പോൾ ഇരിങ്ങാലക്കുടയിൽ താമസിക്കുകയും ചെയ്യുന്ന യുവതിയുടെ പരാതിയിൽ അറസ്റ്റ് ചെയ്തത്. പ്രതി അബുദാബിയിൽ ജോലി ചെയ്തിരുന്ന സമയത്ത് ഇൻസ്റ്റാഗ്രാമിലൂടെ പരാതിക്കാരിയുമായി പരിചയപ്പെടുകയും അടുപ്പത്തിലാവുകയും വിവാഹ അഭ്യർഥന നടത്തുകയും ഓൺലൈൻ ചാറ്റിങ്ങിലൂടെ നഗ്ന ചിത്രങ്ങളും വീഡിയോയും കൈക്കലാക്കുകയുമായിരുന്നു. പ്രതിയുടെ സ്വഭാവം മനസ്സിലാക്കിയ യുവതി ബന്ധം ഉപേക്ഷിച്ചു. ഇതേ തുടർന്ന് പ്രതി ഭീഷണിപ്പെടുത്തി യുവതിയിൽ നിന്ന് രണ്ട് ലക്ഷം രൂപ ആവശ്യപെട്ടു. ആവശ്യം നിരസിച്ച വൈരാഗ്യത്തിൽ പ്രതി യുവതിയുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി നഗ്ന ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം വീണ്ടും വിദേശത്ത് കടന്ന പ്രതി ന്യൂ ഇയർ ആഘോഷങ്ങൾക്കായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പിടിയിലായത്. ഡിസിആർബി ഡിവൈഎസ്പി പി സി ഹരിദാസിന്റെ നേത്യത്വത്തിൽ ഉദ്യോഗസ്ഥരായ സി എം തോമസ്, എ കെ മനോജ്, അജിത്ത്കുമാർ , ഷനൂഹ് , ഹസീബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ചാവക്കാട്, വർക്കല സ്റ്റേഷനുകളിലും പ്രതിക്ക് സമാനമായ കേസ്സുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.