മാടായിക്കോണം സ്കൂളിലെ എൻഎസ്എസ് ക്യാമ്പിലെ സംഘർഷത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ വാഗ്വാദം; പ്രോഗ്രാം ഓഫീസറെ വിമർശിച്ച് ഭരണപക്ഷം; പ്രധാന അധ്യാപികയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം …
ഇരിങ്ങാലക്കുട : നഗരസഭയുടെ നിയന്ത്രണത്തിലുള്ള ചാത്തൻ മാസ്റ്റർ മെമ്മോറിയൽ യു പി സ്കൂളിൽ ആരംഭിച്ച എൻഎസ്എസ് ക്യാമ്പിനോടനുബന്ധിച്ച് പിടിഎ പ്രസിഡണ്ടും പൊതുപ്രവർത്തകനും തമ്മിൽ ഉണ്ടായ സംഘർഷത്തെ ചൊല്ലി നഗരസഭയോഗത്തിൽ വാഗ്വാദം. നിശ്ചിത അജണ്ടകൾക്ക് മുമ്പായി ബിജെപി പാർലമെന്ററി പാർട്ടി ലീഡർ സന്തോഷ് ബോബനാണ് വിഷയം കൗൺസിലിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നത്. സ്കൂളിലെ പുതിയ കെട്ടിടത്തിലെ ടോയ്ലറ്റുകൾ തുറന്ന് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായതെന്നും സ്കൂൾ പാർട്ടി ഭരണത്തിലാണോയെന്നും നഗരസഭയുടെ നിലപാട് വ്യക്തമാക്കണമെന്നും സന്തോഷ് ബോബൻ ആവശ്യപ്പെട്ടു. എന്നാൽ ബിജെപി കൗൺസിലർ പറയുന്നത് പോലെ സ്കൂളിൽ കലാപം ഉണ്ടായിട്ടില്ലെന്നും പുതിയ കെട്ടിടം തുറന്ന് തന്നിട്ടില്ലെന്ന വിവരം മുൻകൂട്ടി ചെയർപേഴ്സനെ അറിയിച്ചിരുന്നുവെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയ പറഞ്ഞു. ഒരു മാസം മുമ്പ് തന്നെ വിഷയം സംബന്ധിച്ച് തനിക്ക് സൂചന ലഭിച്ചിരുന്നുവെന്നും പ്രശ്നത്തിന് പരിഹാരമായിട്ടില്ലെങ്കിൽ അറിയിക്കാൻ പറഞ്ഞിരുന്നുവെന്നും എന്നാൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഇന്ദുകല ടീച്ചർ വിളിച്ചില്ലെന്നും മന്ത്രി പങ്കെടുത്ത ഉദ്ഘാടന ചടങ്ങിലും ഓഫീസർ പറഞ്ഞില്ലെന്നും പ്രോഗ്രാം ഓഫീസർ ഇന്ദുകല ടീച്ചർക്ക് വിശദീകരണം ആവശ്യപ്പെട്ട് കത്ത് നൽകുമെന്നും ചെയർപേഴ്സൺ പറഞ്ഞു. പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിർമ്മിച്ച കെട്ടിടങ്ങൾ തുറന്ന് കൊടുക്കാൻ വിസമ്മതിച്ച പ്രധാന അധ്യാപികയ്ക്ക് എതിരെയും നടപടി എടുക്കണമെന്ന് എൽഡിഎഫ് കൗൺസിലർ സി സി ഷിബിൻ പറഞ്ഞു. വിഷയം അറിഞ്ഞ ഉടനെ താൻ ഇടപെട്ടതാണെന്നും സ്കൂളിന്റെ ചുമതല വഹിക്കുന്ന പ്രധാന അധ്യാപികയിൽ നിന്ന് വിശദീകരണം തേടണമെന്ന് വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജിഷ ജോബിയും ആവശ്യപ്പെട്ടു. പ്രോഗ്രാം ഓഫീസർ ഇത് സംബന്ധിച്ച് പരാതി തന്നിട്ടില്ലെന്നും വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ടെന്നും പ്രധാന അധ്യാപികയ്ക്ക് എതിരെ നടപടി എടുക്കാൻ കഴിയില്ലെന്നും പിടിഎ പ്രസിഡന്റ് തന്നെ വിളിച്ച് വിഷയം പറഞ്ഞിരുന്നുവെന്നും ചെയർപേഴ്സൺ പറഞ്ഞു. മർദ്ദനമേറ്റ പിടിഎ പ്രസിഡന്റ് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നുവെന്നും മർദ്ദിച്ച വ്യക്തിയുടെ പേര് വെളിപ്പെടുത്തണമെന്നും സന്തോഷ് ബോബൻ പറഞ്ഞു. സംഭവത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് ഉറപ്പില്ലാത്തതിനാൽ പേര് വെളിപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു ചെയർപേഴ്സന്റെ മറുപടി. സംഭവം അറിയിക്കാൻ വിട്ട് പോയതായി പ്രോഗ്രാം ഓഫീസർ പറഞ്ഞുവെന്നും മുൻ കൗൺസിലർ കൂടിയായ പിടിഎ പ്രസിഡണ്ടിനെ മർദ്ദിച്ച വ്യക്തിയെ മാതൃകപരമായി ശിക്ഷിക്കണമെന്നും വൈസ് – ചെയർമാൻ ടി വി ചാർലി ആവശ്യപ്പെട്ടു. ബന്ധപ്പെട്ട സ്കൂൾ അധികൃതരോട് വിശദീകരണം ആവശ്യപ്പെടാനും നഗരസഭയുടെ അധീനതയിലുള്ള പൊതു വിദ്യാലയങ്ങളുടെ യോഗം വിളിച്ച് ചേർക്കാനും യോഗം തീരുമാനിച്ചു. പെരുന്നാളിന് മുമ്പായി പട്ടണത്തിൽ തകർന്ന് കിടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ചെയർ പേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.