ചുങ്കം പാലവും അപ്രോച്ച് റോഡും നാടിന് സമർപ്പിച്ചു; തീരപ്രദേശങ്ങളിലുള്ള കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമെന്ന് മന്ത്രി വി അബ്ദുറഹിമാൻ …
കയ്പമംഗലം: എറിയാട് പഞ്ചായത്തിലെ ചുങ്കം പാലവും അപ്രോച്ച് റോഡും നാടിന് സമർപ്പിച്ച് ഫിഷറീസ്- സ്പോർട്സ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. തീരപ്രദേശങ്ങളിലുള്ള കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് വേണ്ടിയുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നത്. ഓരോ പ്രദേശത്തിന്റെയും വികസനത്തിന്റെ നാഴികക്കല്ല് ആ പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളാണ്. ഓരോ പ്രദേശങ്ങൾക്കും അനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
മുൻ കൃഷിമന്ത്രി വി എസ് സുനിൽ കുമാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ഉപയോഗിച്ചാണ് ചുങ്കം പാലം നിർമ്മിച്ചത്. ഇടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒന്നേകാൽ കോടി രൂപയിലാണ് അപ്രോച്ച് റോഡ് നിർമ്മിച്ചത്.
അപ്രോച്ച് റോഡിന് കിഴക്ക് ഭാഗത്ത് 50 മീറ്റർ നീളവും 5.5 മീറ്റർ വീതിയുമാണുള്ളത്. പടിഞ്ഞാറ് ഭാഗത്ത് 40 മീറ്റർ നീളവും 5.5 മീറ്റർ വീതിയുമുണ്ട്. പടിഞ്ഞാറ് ഭാഗത്ത് തോടിനോട് ചേർന്ന് തെക്കുഭാഗത്തേക്ക് 30 മീറ്റർ നീളവും 5.5 മീറ്ററിൽ നിന്നാരംഭിച്ച് 4 മീറ്ററിൽ അവസാനിക്കുന്ന വീതിയുമാണുള്ളത്. ബ്ലാങ്ങാച്ചാൽ തോടിന് കുറുകെ നിർമ്മിച്ചിരിക്കുന്ന റോഡിനും പാലത്തിനും ആവശ്യം വേണ്ട എല്ലാ ആധുനിക രീതിയിലുള്ള സംവിധാനങ്ങളും ഉൾപ്പെടുത്തിയാണ് പ്രവൃത്തി പൂർത്തീകരിച്ചിട്ടുള്ളത്.
ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ, മുൻ കൃഷിമന്ത്രി വി എസ് സുനിൽ കുമാർ, ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ, എറിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീന റാഫി, പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ പി എസ് ദീപക്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.