ജില്ലയിലെ 10 എൻഎസ്എസ് യൂണിറ്റുകൾക്ക് കൂടി സർക്കാർ ധനസഹായം പ്രഖ്യാപിച്ച് മന്ത്രി ഡോ ആർ ബിന്ദു ;സംസ്ഥാനത്ത് 4000 ദത്തുഗ്രാമങ്ങളിലായി 4000 ക്യാമ്പുകൾ …

ജില്ലയിലെ 10 എൻഎസ്എസ് യൂണിറ്റുകൾക്ക് കൂടി സർക്കാർ ധനസഹായം പ്രഖ്യാപിച്ച് മന്ത്രി ഡോ ആർ ബിന്ദു ;സംസ്ഥാനത്ത് 4000 ദത്തുഗ്രാമങ്ങളിലായി 4000 ക്യാമ്പുകൾ …

 

ഇരിങ്ങാലക്കുട: ജില്ലയിലെ 10 എൻഎസ്എസ്  യൂണിറ്റുകൾക്ക്  കൂടി സർക്കാർ ധനസഹായം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു. ഈ വർഷത്തെ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ സംസ്ഥാനതല ഉദ്‌ഘാടനം മാടായിക്കോണം ചാത്തൻമാസ്റ്റർ മെമ്മോറിയൽ യുപി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

 

ഇരിങ്ങാലക്കുടയിലെ 8 ഹയർ സെക്കണ്ടറി സ്കൂളുകളിലെയും ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജിലെയും മണ്ണുത്തി ഡോൺ ബോസ്കോ കോളേജിലെയും എൻഎസ്എസ് യൂണിറ്റുകൾക്കാണ് സർക്കാർ ധനസഹായം നൽകുന്നത്. ഇതോടെ ഇരിങ്ങാലക്കുട മണ്ഡലത്തിലെ മുഴുവൻ എൻഎസ്എസ് യൂണിറ്റുകളും  സർക്കാർ ധനസഹായത്താൽ പ്രവർത്തിക്കുന്ന യൂണിറ്റുകളായി മാറി.4000 ദത്തുഗ്രാമങ്ങളാണ് എൻഎസ്എസിന്റെ ആഭിമുഖ്യത്തിൽ ഏറ്റെടുത്തിരിക്കുന്നത്. പാവപ്പെട്ടവർ അധിവസിക്കുന്ന കോളനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനുമായുള്ള പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. വീടില്ലാത്തവർക്ക് സ്നേഹ വീട് നിർമ്മിച്ച് നൽകുന്ന പദ്ധതി പ്രകാരം 1500 വീടുകൾ നിർമ്മിക്കാനായെന്നും മന്ത്രി പറഞ്ഞു.പരിപാടിയുടെ ഭാഗമായി പ്രദേശത്തെ 100 പാവപ്പെട്ട കുടുംബങ്ങൾക്ക് അരിയും പലവ്യഞ്ജനങ്ങളും ക്രിസ്മസ് കേക്കും അടങ്ങുന്ന കിറ്റും വയോജനങ്ങൾക്കായി പുതപ്പുകളും മന്ത്രി വിതരണം ചെയ്തു.  ലഹരി വിരുദ്ധ പ്രചാരണത്തിന് ഊന്നൽ നൽകിയാണ് ഇക്കുറി എൻഎസ്എസ് സഹവാസ ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത്. എൻ എസ് എസ് സംസ്ഥാന ഓഫീസർ ഡോ. ആർ എൻ അൻസർ അധ്യക്ഷനായ ചടങ്ങിൽ എൻ എസ് എസ് സെൻട്രൽ റീജിയൻ ആർ പി സി ഡോ.എൻ.രാജേഷ്, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ജോബി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, വാർഡ് കൗൺസിലർ ലിജി, ഹയർ സെക്കന്ററി ജില്ലാ കോർഡിനേറ്റർ വി എ കരീം, ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് സോണി വി ആർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻഎസ്എസ് ജില്ലാ കൺവീനർ ഡോ.ബിനു ടി വി തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: