12 കോടിയുടെ വികസനപദ്ധതികൾ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു ;പുതിയ ഡയാലിസിസ് യൂണിറ്റ് രണ്ട് മാസത്തിനുള്ളിൽ …
ഇരിങ്ങാലക്കുട :നാല് ഓപ്പറേഷൻ തിയ്യേറ്ററുകൾ ഉൾപ്പെടെ 12 കോടിയുടെ വികസനപദ്ധതികൾ താലൂക്ക് ആശുപത്രിയിൽ നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. താലൂക്ക് ആശുപത്രിയിൽ നെടുപുഴ ഗവ. പോളി ടെക്നിക് എൻഎസ്എസ് യൂണിറ്റ് നടത്തുന്ന പുനർജ്ജനി പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേണ്ടി 13 കോടിയുടെ പദ്ധതി മുൻപ് നടപ്പാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പണി കഴിപ്പിച്ച കെട്ടിടത്തിന്റെ ലിഫ്റ്റ്, ഇലക്ട്രിഫിക്കേഷൻ എന്നിവ ഉടൻ പൂർത്തിയാക്കും. രണ്ടാം ഘട്ടത്തിൽ നാല് ഓപ്പറേഷൻ തിയ്യറ്ററുകൾ ഉൾപ്പെടെ 12 കോടി രൂപ ചെലവിട്ട് പുതിയ കെട്ടിടം പണിയാൻ അനുമതി ലഭിച്ചിട്ടുണ്ട്. നിർമാണം നടക്കുന്ന ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം രണ്ടുമാസത്തിനകം ആരംഭിക്കാൻ കഴിയും. രണ്ടാംഘട്ട നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം ജനുവരി 13ന് തിയതി നടക്കുമെന്നും മന്ത്രി അറിയിച്ചു. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷയായ ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ടി വി ചാർളി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്,നഗരസഭ പ്രതിപക്ഷ നേതാവ് കെ ആർ വിജയ, കൗൺസിലർ പി ടി ജോർജ്, ഗവ. വിമൻസ് കോളേജ് പ്രിൻസിപ്പാൾ ജ്ഞാനാംബിക വി എ, സോമൻ സി ആർ, ലിഷ പി പി, ജയപ്രകാശ് എ, പ്രിയ കെ,മേജോ ജോൺസൺ, നിഷിന നാസർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രി സൂപ്രണ്ട് മിനിമോൾ കെ കെ സ്വാഗതവും പ്രോഗ്രാം ഓഫിസർ പ്രീതി കെ എൻ നന്ദിയും പറഞ്ഞു.