തൊഴിൽ സുരക്ഷയ്ക്ക് ഫെസിലിറ്റേഷൻ സെന്ററുമായി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ; ഒന്നാം ഘട്ടത്തിൽ ചിലവഴിക്കുന്നത് ഒന്നേമുക്കാൽ കോടി രൂപ …
ഇരിങ്ങാലക്കുട : അഭ്യസ്തവിദ്യരായ യുവാക്കൾക്കും സംരംഭകർക്കും തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിന് ഫെസിലിറ്റേഷൻ സെന്ററുമായി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ‘ വൈബ്സ് ‘ ( VIBES ) എന്ന ഫെസിലിറ്റേഷൻ സെന്ററിന്റെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. വെള്ളാങ്ങല്ലൂർ ഇൻഫ്രാസ്ട്രക്ചർ ബാക്ക്ബോൺ ഫോർ എന്റർപ്രണേഴ്സ് ആൻഡ് സ്റ്റാർട്ടപ്പ്സ് എന്നതാണ് വൈബ്സിന്റെ പൂർണരൂപം. സംരംഭകർക്കും തൊഴിലന്വേഷകർക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കുക എന്നതാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.
കോവിഡാനന്തര ലോകം അനുഭവിക്കുന്ന തൊഴിൽ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം എന്ന നിലയിൽ കേരളം മുന്നോട്ടുവയ്ക്കുന്ന നിരവധി പരിപാടികളുടെ ഭാഗമായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തുകളും സംയുക്തമായാണ് വൈബ്സ് തൊഴിൽ കേന്ദ്രം ആരംഭിക്കുന്നത്. ജില്ലാ പഞ്ചായത്ത് 57 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് 93 ലക്ഷവും ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്തുകൾ എല്ലാം കൂടി 30 ലക്ഷവും ആദ്യ ഘട്ടത്തിൽ പദ്ധതിക്കായി നീക്കി വച്ചിട്ടുണ്ട്.
7000ത്തോളം സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള കെട്ടിടമാണ് ആദ്യഘട്ടത്തിൽ ഫെസിലിറ്റേഷൻ സെന്ററിനായി ഒരുക്കുന്നത് . 21000 സ്ക്വയർ ഫീറ്റ് വിപുലീകരണ സാധ്യതയോടെയാണ് കെട്ടിടം നിർമ്മിക്കുക. മാർച്ചിന് മുൻപ് ഒന്നാംഘട്ടം പൂർത്തിയാക്കും.
ചടങ്ങിൽ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി ബാബു പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രമാ രാഘവൻ, സുരേഷ് അമ്മനത്ത് , മറ്റു ബ്ലോക്ക് അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.