ഭാര്യയെ ക്രൂരമായി ആക്രമിച്ച് ഒളിവിൽ പോയ ആൾ ആറുവർഷങ്ങൾക്കു ശേഷം പിടിയിൽ ..
ചാലക്കുടി: വെള്ളിക്കുളങ്ങര കിഴക്കേകോടാലിയിൽ നിസാര കാര്യത്തിന്റെ പേരിൽ ഭാര്യയെ ക്രൂരമായി ആക്രമിച്ച കേസിൽ ഒളിവിലായിരുന്നയാളെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോങ്ഗ്രേ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കിഴക്കേക്കോടാലി ഈശ്വരമംഗലത്ത് വീട്ടിൽ ഷാജൻ (49 വയസ്) ആണ് ആറുവർഷത്തോളമായി ഒളിവിൽ കഴിയുന്നതിനിടെ പിടിയിലായത് .
2015 ഒക്ടോബർ മാസം നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിസാര കാര്യത്തിന് വഴക്കുണ്ടാക്കിയ ഷാജൻ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് അവശയാക്കിയ ശേഷം വീട്ടിൽ നിന്നും മുങ്ങുകയായിരുന്നു. മുഖത്തും മറ്റും മാരകമായി മുറിവേറ്റ യുവതിയുടെ നാല് പല്ലുകളും ഷാജന്റെ ആക്രമണത്തിൽ നഷ്ടപെട്ടിരുന്നു. സംഭവമറിഞ്ഞെത്തിയ പോലീസ് യുവതി ആശുപത്രിയിലാക്കിയ ശേഷം കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് ഇയാൾ മുങ്ങിയതായി മനസിലാക്കിയത്.
നാട്ടിൽ നിന്നും നേരെ കർണ്ണാടകയിലെ ഗുണ്ടൽപേട്ടിലേയ്ക്ക് കടന്ന ഷാജൻ അവിടെ ഒരു കടയിൽ രണ്ട് വർഷത്തോളം ജോലി ചെയ്ത ശേഷം ബാംഗ്ലൂരിലേയ്ക്ക് പോവുകയും ഫോട്ടോകളും മറ്റും വിൽക്കുന്ന കടയിൽ ജോലി നോക്കുകയും ചെയ്തു. ഇതിനിടയിൽ മണ്ണാർക്കാട് സ്വദേശിനിയെ പരിചയപ്പെട്ട് വിവാഹം കഴിച്ച ശേഷം ചെന്നൈയിൽ വടപളനിയിൽ താമസിച്ച് വിവിധ സ്ഥലങ്ങളിൽ ഫോട്ടോ വിൽപന നടത്തിവരികയായിരുന്നു.
ആളൂരിലെ മോഷണക്കേസ് പ്രതി രഞ്ജിത് കുമാറിനെ അന്വേഷിച്ച് ചെന്നൈ വടപളനിയിലെത്തിയ അന്വേഷണ സംഘത്തിന് മുൻപിൽ അവിചാരിതമായി എത്തിപെട്ട ഷാജൻ ചാലക്കുടിയിൽ നിന്നുള്ള പോലീസാണ് എന്നറിഞ്ഞ് ഒളിക്കാൻ ശ്രമിച്ചത് പോലീസിന് സംശയത്തിന് കാരണമായി. . കൂടുതൽ അന്വേഷിച്ചപ്പോൾ ഇയാൾ തൃശൂർ ജില്ലക്കാരനും ഷാജൻ എന്നാണ് പേരെന്നുമറിഞ്ഞത്. കൂടുതൽ അന്വേഷണത്തിൽ വർഷങ്ങൾക്കു മുൻപ് ഭാര്യയെ ആക്രമിച്ച് ഒളിവിൽ പോയ ആളാണ് ഇയാളെന്ന് വ്യക്തമായതോടെ നടത്തിയ അന്വേഷണത്തിലാണ് ഷാജൻ പിടിയിലാവുന്നത്.
വെള്ളിക്കുളങ്ങര എസ് ഐ ഡേവിസ് പി.ആർ, ക്രൈംസ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, ജോബ് സി.എ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, റെജി എ.യു, ബിനു എം.ജെ, ഷിജോ തോമസ് എന്നിവരടങ്ങിയ സംഘമാണ് തന്ത്രപരമായ രീതിയിൽ അന്വേഷണം നടത്തി ഷാജന്റെ ഒളിവു ജീവിതത്തിന് വിരാമമിട്ടത്.
പിടിയിലായ ഷാജനെ വെള്ളിക്കുളങ്ങരയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യ പരിശോധനയും മറ്റും പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.