പച്ചക്കുടയുമായി കൈകോർത്ത് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ; 990 അയൽക്കൂട്ടങ്ങൾ മുഖേന 20000 വീടുകളിലായി വിതരണം ചെയ്യുന്നത് രണ്ട് ലക്ഷം പച്ചക്കറി തൈകൾ …

പച്ചക്കുടയുമായി കൈകോർത്ത് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ; 990 അയൽക്കൂട്ടങ്ങൾ മുഖേന 20000 വീടുകളിലായി വിതരണം ചെയ്യുന്നത് രണ്ട് ലക്ഷം പച്ചക്കറി തൈകൾ …

ഇരിങ്ങാലക്കുട: മണ്ഡലത്തിലെ സമഗ്ര കാർഷിക പദ്ധതിയായ പച്ചക്കുടയുമായി കൈകോർത്ത് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് . 2022-23 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 990 കുടുംബശ്രീ അയൽക്കൂട്ടങ്ങൾ മുഖേന ബ്ലോക്ക് പരിധിയിൽ വരുന്ന നാല് പഞ്ചായത്തുകളിലെ 20000 ത്തോളം വീടുകളിൽ വരും ദിനങ്ങളിൽ രണ്ട് ലക്ഷം തൈകൾ എത്തിക്കുന്ന പദ്ധതിയാണ് ആരംഭിക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. തൈകളുടെ വിതരണം, വിപണനം, വിളവെടുപ്പ് എന്നിവ വിലയിരുത്താൻ മോണിറ്ററിംഗ് സമിതിയും പ്രവർത്തിക്കും. ബ്ലോക്ക് ഹാളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പച്ചക്കറി തൈവിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കാർഷിക മേഖലയെ അവഗണിക്കുന്ന നവ ഉദാരീകരണ കാലത്ത് ഭക്ഷ്യ മേഖലക്കും കാർഷിക ഉൽപ്പാദനത്തിനും പ്രഥമ പരിഗണനയാണ് കേരളം നൽകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സുഭിക്ഷ കേരളം, ഞങ്ങൾ കൃഷിയിലേക്ക് എന്നീ പദ്ധതികൾ കാർഷിക സ്വയം പര്യാപ്തത എന്ന ലക്ഷ്യമാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ഉൽപ്പാദനം വർധിപ്പിക്കുന്നതോടൊപ്പം പ്രാദേശിക വിപണന കേന്ദ്രങ്ങൾ കൂടി സജ്ജീകരിക്കാൻ കഴിയേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബ്ലോക്ക് പ്രസിഡണ്ട് ലളിത ബാലൻ അധ്യക്ഷയായിരുന്നു. കൃഷി വകുപ്പ് അസി.ഡയറക്ടർ മിനി എസ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് വൈസ് – പ്രസിഡണ്ട് മോഹനൻ വലിയാട്ടിൽ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസ് ജെ ചിറ്റിലപ്പിള്ളി, ഷീജ പവിത്രൻ , സീമ പ്രേംരാജ്, ഇ കെ അനൂപ്, സിഡിഎസ് ചെയർപേഴ്സൻമാരായ സുനിത രവി , ഡാലിയ , സരിത, അജിത , ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: