വീട് കുത്തി തുറന്ന് മോഷണം; കുപ്രസിദ്ധ മോഷ്ടാവ് റോബിൻഹുഡ് രഞ്ജിത് പിടിയിൽ;പിടിയിലായത് അഞ്ച് വർഷം മുൻപ് നടത്തിയ മോഷണ കേസിൽ …
ചാലക്കുടി: ആളൂരിൽവീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിലെ പ്രതിയെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോങ്ഗ്രേ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘം പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് പാലക്കാട് ആലത്തൂർ വാവുള്ളിയാപുരം തോണിപ്പാടം സ്വദേശി പുത്തൻകളം വീട്ടിൽ രഞ്ജിത്കുമാർ എന്ന റോബിൻഹുഡ് രഞ്ജിത് (33 വയസ്) ആണ് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഒളിസങ്കേതത്തിൽ നിന്നും പിടികൂടിയത്. കേരളത്തിനകത്തും പുറത്തുമായി ഇരുപതിലേറെ മോഷണമടക്കമുള്ള കേസുകളിൽ പ്രതിയാണ് രഞ്ജിത്.
പ്രവാസിയായ ആളൂർ സ്വദേശിനിയുടെ വീടാണ് രഞ്ജിത് കുത്തി തുറന്ന് മോഷണം നടത്തിയത്. വാതിൽ അതിവിദഗ്ദ്ധമായി പൊളിച്ച് അകത്തു കടന്ന് അലമാരയുടെ പൂട്ട് തകർത്താണ് സ്വർണ്ണാഭരണങ്ങൾ കവർന്നത്. യുവതി യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
വർഷങ്ങൾക്ക്മുൻപ് കൊരട്ടിയിലും ചാലക്കുടിയിലും എടിഎം മെഷീനുകൾ തകർത്ത് മോഷണം നടത്താൻ ശ്രമിച്ചതിന് രഞ്ജിത് പിടിയിലായിരുന്നു. പൃഥിരാജ് സിനിമയെ അനുസ്മരിപ്പിക്കും വിധം അത്യാധുനിക രീതിയിൽ മോഷണം നടത്തുന്നതിനാലാണ് “റോബിൻ ഹുഡ് ” എന്ന ഇരട്ടപേര് ഇയാൾക്ക് വീണത്.
ഇന്റർനെറ്റിൽ തിരഞ്ഞ് എടിഎം മെഷീനുകളുടെ പ്രത്യേകതകളും സുരക്ഷയും മറ്റും മനസിലാക്കി, പൊലീസ് നൈറ്റ് പട്രോൾ സംഘങ്ങളെ നിരീക്ഷിച്ച് ഉദ്യോഗസ്ഥർ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു ഇയാൾ മോഷണത്തിന് ഇറങ്ങിയിരുന്നത്.
ടാക്സി കാറിൽ സഞ്ചരിച്ചാണ് ഇയാൾ മോഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിൽ എത്തിച്ചേർന്നിരുന്നത്. യാത്രക്കിടയിൽ പോലീസ് പരിശോധന ഒഴിവാക്കാനായിരുന്നു ഇത്തരത്തിലുള്ള യാത്ര.
ആളൂരിലും ഇരിങ്ങാലക്കുടയിലും മുൻപ് നടന്ന മോഷണങ്ങളെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രത്യേകാന്വേഷണ സംഘം വിവിധ മാർഗങ്ങളിലൂടെ നിരന്തരം നടത്തിയ ശാസ്ത്രീയാന്വേഷണത്തിലാണ് മോഷണം നടത്തിയത് രഞ്ജിത് ആകാമെന്ന നിഗമനത്തിലേക്കെത്തിയത്. ഒളിവിൽ കഴിയുകയായിരുന്ന മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു അന്വേഷണ സംഘത്തിനു നേരിടേണ്ടി വന്ന പ്രധാന വെല്ലുവിളി. പണ്ട് ചെന്നൈയിലായിരുന്ന ഇയാൾ പുതിയ ഒളിസ്ഥലം തിരഞ്ഞെടുത്തത് തിരുച്ചിറപ്പിള്ളിയിലായിരുന്നു. അവിടെ ജ്യൂസ് പാർലറിൽ ജ്യൂസ് മേക്കറായി കഴിയുന്ന വിവരം ലഭിച്ച അന്വേഷണ സംഘം വേഷ പ്രഛന്നരായി ട്രിച്ചി ശങ്കിലിയാണ്ടപുരം
കൃഷ്ണമൂർത്തി നഗറിലെ ജ്യൂസ് പാർലറിലെത്തിയെങ്കിലും ഉടമയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അവിടെ നിന്നും രഞ്ജിത് ഒരു മാസം മുൻപ് പോയതായി വിവരം ലഭിച്ചു. അവിടെ നിന്നും ലഭിച്ച സൂചനകളെ അടിസ്ഥാനമാക്കി കുന്നംകുളം മേഖലയിലെ വ്യാപാര സ്ഥാപനങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മേഖലയിലെ ബേക്കറിയിൽ ടീ മേക്കറായി ജോലി ചെയ്യുന്ന രഞ്ജിത്തിനെ കണ്ടെത്തി പിടികൂടിയത്.
ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ്, കൊടകര സർക്കിൾ ഇൻസ്പെക്ടർ ജയേഷ് ബാലൻ, ക്രൈം സ്കാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, ജോബ് സി.എ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി. യു.സിൽജോ, എ.യു.റെജി, എം.ജെ ബിനു, ഷിജോ തോമസ്, കൊടകര സബ് ഇൻസ്പെക്ടർ ടി.ജി അനൂപ്, അനീഷ് എം. എഎസ്ഐ അലി, സീനിയർ സിപിഒ ലിജോൺ എന്നിവരടങ്ങിയ സംഘമാണ് രഞ്ജിതിനെ പിടികൂടിയത്.
കൊടകര സ്റ്റേഷനിലെത്തിച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് വൈദ്യ പരിശോധനയും മറ്റും പൂർത്തിയാക്കി രഞ്ജിത്തിനെ കോടതിയിൽ ഹാജരാക്കും.