ആർട്സ് കേരള വീണ്ടും സജീവമാകുന്നു; അപര വിദ്വേഷത്തിന്റെ കാലത്ത് മനസ്സുകളെ കൂട്ടിയിണക്കാൻ കലയെയും സാഹിത്യത്തെയും ഉപയോഗിക്കണമെന്ന് മന്ത്രി ഡോ ആർ ബിന്ദു…
ഇരിങ്ങാലക്കുട : എൺപതുകളിൽ കേരളത്തിലെ കോളേജുകളെ പങ്കെടുപ്പിച്ച് കൊണ്ട് ക്രൈസ്റ്റ് കോളേജ് കേന്ദ്രീകരിച്ച് കലാമേളകൾ സംഘടിപ്പിച്ചിരുന്ന ആർട്സ് കേരള എന്ന സംഘടന നീണ്ട ഇടവേളക്ക് ശേഷം സജീവമാകുന്നു. കണ്ടംകുളത്തി ഗ്രൂപ്പിന്റെ പിന്തുണയോടെ ഗ്രൂപ്പ് ഡാൻസ് മൽസരങ്ങൾ സംഘടിപ്പിച്ച് കൊണ്ടാണ് ആർട്സ് കേരള വീണ്ടും പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. മികച്ച ടീമുകൾക്കുള്ള ട്രോഫികളും ക്യാഷ് പ്രൈസുകളോടൊപ്പം കോളേജിൽ ദീർഘകാലം പ്രവർത്തിച്ച ചമയ കലാകാരൻ വി രാമക്യഷ്ണന്റെ സ്മരണാർത്ഥം മികച്ച ചമയത്തിനുള്ള അവാർഡും നല്കുന്നുണ്ട്. കോളേജിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ആർട്സ് കേരളയുടെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു.സമൂഹത്തിൽ വർധിച്ച് വരുന്ന അപര വിദ്വേഷവും അസഹിഷ്ണുതയും പ്രതിരോധിക്കാൻ സർഗ്ഗാത്മകതയെ ആയുധമാക്കാൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു. കലയും സാഹിത്യവും മനസ്സുകളെ കൂട്ടിയിണക്കാൻ ഉപയോഗിക്കണമെന്നും ആർട്സ് കേരളയുടെ സുവർണ്ണ ദിനങ്ങൾ തിരിച്ച് പിടിച്ച് ക്രൈസ്റ്റ് കലാലയത്തിന് കഴിയട്ടെയെന്ന് മന്ത്രി പറഞ്ഞു.കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് ,കണ്ടംകുളത്തി ഗ്രൂപ്പ് ഡയറക്ടർ ജോസ് ജോൺ എന്നിവർ ആശംസകൾ നേർന്നു. വൈസ് – പ്രിൻസിപ്പൽമാരായ ഫാ ജോയ് പീണിക്ക പറമ്പിൽ സ്വാഗതവും ഡോ. കെ വൈ ഷാജു നന്ദിയും പറഞ്ഞു.