മുരിയാട് പഞ്ചായത്തിൽ ഹരിതകർമ്മ സേനക്ക് ഇനി മുതൽ ഇലക്ട്രിക് വാഹനവും ..
ഇരിങ്ങാലക്കുട :ഗ്രീൻ മുരിയാട് – ക്ലീൻ മുരിയാട് പദ്ധതിയുടെ ഭാഗമായി മാലിന്യ ശേഖരണത്തിനുള്ള ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ ശക്തമാക്കാൻ മുരിയാട് ഗ്രാമ പഞ്ചായത്ത് . ഡിസംബർ , ജനുവരി മാസങ്ങളിൽ ഹരിത കർമ്മസേന പ്ലാസ്റ്റിക്കിനൊപ്പം ചെരുപ്പ് ,ബാഗ് തുടങ്ങിയ ഇനങ്ങൾ കൂടി ശേഖരിച്ച് തുടങ്ങും.
വീടുകളിലും സ്ഥാപനങ്ങളിലും യൂസർ ഫീ നിർബന്ധമാക്കും.
പ്ളാസ്റ്റിക് കത്തിക്കുന്നവർക്കും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവർക്കും എതിരെ കർശന നടപടി സ്വീകരിക്കും.
ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ഓട്ടോറിക്ഷ സജ്ജമാക്കിയിട്ടുണ്ട്. ഇലക്ട്രിക് ഓട്ടോ റിക്ഷയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സരിതാ സുരേഷ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻമാരായ കെ.പി. പ്രശാന്ത് ,കെ.യു.വിജയൻ ഭരണസമിതി അംഗം തോമാസ് തൊകലത്ത് ,പഞ്ചായത്തംഗങ്ങൾ, സെക്രട്ടറി റെജി പോൾ
വി.ഒ.മാരായ തനൂജ , കുടുംബശ്രീ ചെയർപേഴ്സൺ സുനിതാ രവി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ഇലക്ട്രിക് വാഹനം പഞ്ചായത്ത് സ്വന്തമാക്കിയിട്ടുള്ളത്. പഞ്ചായത്തിലെ പതിനേഴ് വാർഡുകളിലെയും മാലിന്യ ശേഖരണത്തിനായി വാഹനം ലഭ്യമാക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.