സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡ് ക്രൈസ്റ്റ് കോളജിന് …

സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡ് ക്രൈസ്റ്റ് കോളജിന് …

തൃശ്ശൂർ: ഊർജ്ജസംരക്ഷണത്തിനുള്ള സംസ്ഥാന അക്ഷയ ഊർജ അവാർഡിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അർഹമായി.
തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ആൻറണി രാജു മുഖ്യപ്രഭാഷണം നടത്തി. ക്രൈസ്റ്റ് കോളേജിന് വേണ്ടി പ്രിൻസിപ്പാൾ ഡോ. ഫാ. ജോളി ആൻഡ്രൂസ്, വൈസ് പ്രിൻസിപ്പാൾ ഫാ. ജോയ് പണിക്കപറമ്പിൽ , ഡോ. സുബിൻ ജോസ്, മിസ്റ്റർ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.
ഊർജ്ജ ഉൽപാദനത്തിലും പുനരുപയോഗത്തിലും സംസ്ഥാനതലത്തിലുള്ള മികച്ച മാതൃകകൾക്കാണ് അവാർഡ് നൽകപ്പെട്ടത്. കോളേജ് കെട്ടിടങ്ങളുടെ മേൽക്കൂരയിൽ സ്ഥാപിച്ചിരിക്കുന്ന 210 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സോളാർ പാനലുകൾ പ്രത്യേക പരാമർശന വിധേയമായി.
സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലാബുകൾ, സൗരോർജ്ജം ഉപയോഗിച്ച് വാഹനങ്ങൾ റീചാർജ് ചെയ്യുന്ന ചാർജിങ് സ്റ്റേഷനുകൾ, സമ്പൂർണ്ണ എൽഇഡി വെളിച്ച സംവിധാനം, മഴ വെള്ളത്തിന്റെ സംഭരണവും പുനരുപയോഗവും, പാഴ് വസ്തുക്കൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പേപ്പർ നിർമാണ യൂണിറ്റ് എന്നിവ പുരസ്കാര നിർണയത്തിന് കോളേജിനെ അർഹമാക്കിയ മറ്റ് കാര്യങ്ങളാണ്.

Please follow and like us: