ജീവിതവുമായുള്ള സംഭാഷണമാണ് കവി നടത്തുന്നതെന്നും പ്രായമേറിയതോടെ സിദ്ധാന്തങ്ങളിലുള്ള വിശ്വാസം കുറയുകയാണെന്നും കവി സച്ചിദാനന്ദൻ ; തനിക്ക് കവിത ചെറുത്തു നിൽപ്പും സമരവുമായിരുന്നുവെന്നും ഇന്ന് കവിത അക്കാദമിക് ശീലമായി ചുരുങ്ങിയെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് ; കവിയുടെയും കവിതകളുടെയും ലോകത്തിലൂടെ സഞ്ചരിച്ച് സെന്റ് ജോസഫ്സ് കോളേജിലെ സംവാദ വേദി …
ഇരിങ്ങാലക്കുട : കവിക്ക് സിദ്ധാന്തങ്ങളെ ആവശ്യമില്ലെന്നും ജീവിതവുമായുള്ള സംഭാഷണമാണ് കവി നടത്തുന്നതെന്നും പ്രായമേറിയതോടെ പ്രസ്ഥാനങ്ങളിലും സിദ്ധാന്തങ്ങളിലുമുള്ള വിശ്വാസം കുറയുകയാണെന്നും കവിത എന്ന അനുസ്യൂതിയിലുള്ള വിശ്വാസം വർധിക്കുകയാണെന്നും സാഹിത്യ അക്കാദമി ചെയർമാനും കവിയുമായ കെ സച്ചിദാനന്ദൻ . താൻ നല്ല കവിയാണെങ്കിൽ സച്ചിദാനന്ദൻ വലിയ കവിയാണെന്നും ഭാഷ ഔപചാരികമായി പഠിക്കാതെ , പദ്യഭാഗങ്ങളിലൂടെ കവിത വായിച്ച് ശീലിച്ച തനിക്ക് സച്ചിദാനന്ദൻ എഴുതിയ എഴുത്തച്ഛൻ എഴുതുമ്പോൾ എന്ന കവിത വ്യത്യസ്തമായ അനുഭവമാണ് എഴുത്ത് തുടങ്ങിയ കാലത്ത് സമ്മാനിച്ചതെന്നും എഴുതുന്ന ഓരോ കവിതയും ആദ്യം വായിച്ച് കേൾപ്പിക്കുന്നത് സച്ചിദാനന്ദനെയാണെന്നും കവി ബാലചന്ദ്രൻ ചുള്ളിക്കാട് . സെന്റ് ജോസഫ്സ് കോളേജ് മലയാള വിഭാഗം ” കവിയുടെ ലോകം, കവിതയുടെയും ” എന്ന പേരിൽ സംഘടിപ്പിച്ച സംവാദമായിരുന്നു വേദി. ആധുനികതയെ ചരിത്രവല്ക്കരിക്കാനാണ് താനും കെ ജി ശങ്കരപ്പിളളയും ആറ്റൂരും ചുള്ളിക്കാടും അടക്കമുള്ളവർ ശ്രമിച്ചത്. സൗന്ദര്യബോധത്തോടൊപ്പം സാമൂഹ്യ ബോധവും നീതിബോധവും സ്വാധീനങ്ങളായെന്ന് സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടി. സ്കൂൾ കാലത്തിന് ശേഷം മലയാളം പഠിച്ചിട്ടില്ലാത്തതിനാൽ മുൻവിധികളിൽ നിന്ന് രക്ഷപ്പെടാനായി. പുരുഷനെക്കാൾ ശക്ത ആയിട്ടാണ് താൻ സ്ത്രീയെ അടയാളപ്പെടുത്തുന്നത്. പുരുഷനെയും സ്ത്രീയെയും വ്യത്യസ്ത കള്ളികളിലാക്കുന്ന സമീപനത്തോട് യോജിപ്പില്ല. വിമോചിതയായ സ്ത്രീ കൂടുതൽ സ്നേഹമുള്ള സ്ത്രീ ആയി തീരുമെന്നാണ് താൻ വിലയിരുത്തുന്നത്. നീതിയുടെ പക്ഷത്തെയാണ് താൻ ഇടതുപക്ഷമായി വ്യാഖ്യാനിക്കുന്നതെന്നും സച്ചിദാനന്ദൻ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
തന്റെ അനുഭവങ്ങളോട് സത്യസന്ധത പുലർത്താനാണ് ശ്രമിക്കുന്നതെന്നും രാഷ്ട്രീയമായി താൻ ശരിയാണോയെന്ന ചിന്തക്ക് പ്രാധാന്യം നല്കിയിട്ടില്ലെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. കവിത ചെറുത്തുനിൽപ്പും സമരവുമായിരുന്നു. ഇന്ന് അക്കാദമിക് പ്രവൃത്തിയായി മാത്രം കവിത മാറി. താൻ പണ്ഡിതൻമാർക്ക് വേണ്ടി എഴുതുന്ന സർവകലാശാല കവിയല്ല .ജീവിതം കൊണ്ടാണ് താൻ കവിത വായിച്ചത്. ഇന്ന് സിദ്ധാന്തം വച്ചാണ് പലരും കവിത വായിക്കുന്നത്. സ്ത്രീയെക്കുറിച്ചുള്ള തന്റെ ബോധ്യങ്ങളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്. പ്രശ്നങ്ങൾ വരുമ്പോൾ കുട്ടികളെ ഉപദ്രവിക്കുന്ന സ്ത്രീകളെ കണ്ടും ഇരയായുമാണ് വളർന്നത്. അന്യമതക്കാരനെ വെറുത്താൽ പ്രശ്നമില്ലെന്നും സ്നേഹിച്ചാൽ പ്രശ്നമാണെന്നും വിലയിരുത്തുന്ന സമൂഹമാണ് നമ്മുടേത്. എത്രയോ ദുരഭിമാന കൊലകളാണ് നാം സാക്ഷ്യം വഹിക്കുന്നത്. കവിത എഴുതിയാണ് താൻ പ്രതികാരം ചെയ്തതെന്നും ചുള്ളിക്കാട് പറഞ്ഞു.
യുവ നിരൂപകൻ കെ വി സജയ് മോഡറ്റേർ ആയിരുന്നു. രണ്ടാം വർഷ ഗണിത ശാസ്ത്ര വിദ്യാർഥിനി നിധിയുടെ സച്ചിദാനന്ദന്റെ മീര പാടുന്നു എന്ന കവിതയുടെ മോഹിനിയാട്ട ആവിഷ്ക്കാരത്തോടെയാണ് പരിപാടി ആരംഭിച്ചത്. ചർച്ചകൾക്കിടയിൽ കവികൾ തങ്ങളുടെ കവിതകളും അവതരിപ്പിച്ചു. എവിടെ ജോൺ എന്ന ചുള്ളിക്കാടിന്റെ കവിതയുടെ ആലാപനത്തോടെയാണ് രണ്ട് മണിക്കൂർ നീണ്ട് നിന്ന സംവാദം അവസാനിച്ചത്. പ്രിൻസിപ്പൽ സിസ്റ്റർ എലൈസ , മലയാളം വകുപ്പ് മേധാവി ലിറ്റി ചാക്കോ , അധ്യാപിക ഉർസുല എന്നിവർ സംസാരിച്ചു.