കരുവന്നൂർ ബാങ്കിൽ വായ്പ കുടിശ്ശികയുള്ള ഇരുപതോളം പൊറത്തിശ്ശേരി സ്വദേശികൾ നഗരസഭയുടെ ലൈഫ് – പിഎംഎവൈ പദ്ധതിയിൽ നിന്ന് പുറത്താകുമെന്ന ആശങ്കയിൽ .
ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്കിൽ വായ്പ കുടിശ്ശികയുള്ള ഇരുപതോളം പൊറത്തിശ്ശേരി സ്വദേശികൾ നഗരസഭയുടെ ലൈഫ് – പിഎംഎവൈ പദ്ധതിയിൽ നിന്ന് പുറത്താകുമെന്ന ആശങ്കയിൽ . പദ്ധതിയുടെ അർഹത പട്ടികയിൽ ഉൾപ്പെടണമെങ്കിൽ നഗരസഭയും ഗുണഭോക്താവും കരുവന്നൂർ ബാങ്കുമായി ത്രികക്ഷി കരാറിൽ ഒപ്പിടണമെന്ന് നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വായ്പ കുടിശ്ശികയുളളത് കൊണ്ട് കരാറിൽ ഒപ്പിടാൻ കഴിയുകയില്ലെന്ന് ബാങ്ക് വ്യക്തമാക്കിയതോടെയാണ് ഗുണഭോക്താക്കൾ ആശങ്കയിലായിരിക്കുന്നത്. ബാങ്കിൽ നിന്ന് അഞ്ച് ലക്ഷത്തിൽ താഴെ രൂപ ലോണെടുത്തിട്ടുള്ള കൂലിപ്പണിക്കാരാണ് അധികവും. കോവിഡ് പ്രതിസന്ധി മൂലം തിരിച്ചടവുകൾ മുടങ്ങുകയായിരുന്നുവെന്ന് ഇവർ പറയുന്നു.എന്നാൽ വായ്പ കുടിശ്ശികയുടെ പേരിൽ ഇവരുടെ പേരിൽ ജപ്തി നടപടികൾ സ്വീകരിക്കുന്ന സാഹചര്യത്തിൽ കരാറിൽ ഒപ്പിടാൻ നിയമപരമായി തടസ്സമുണ്ടെന്നും അധികം പേരും വായ്പ തിരിച്ചടക്കാൻ തയ്യാറാകുന്നില്ലെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി. വിഷയത്തിൽ ഇടപെടണമെന്നും വീടുകൾ നഷ്ടമാകുന്ന സാഹചര്യമാണ് ഉള്ളതെന്നും കാണിച്ച് വായ്പ എടുത്തവർ സഹകരണ വകുപ്പ് മന്ത്രിക്ക് പരാതി നല്കിയിട്ടുണ്ട്. അടിയന്തര നടപടി ആവശ്യപ്പെട്ട് കൗൺസിലർ ടി കെ ഷാജുട്ടൻ മുഖ്യമന്ത്രിക്കും നിവേദനം നല്കിയിട്ടുണ്ട്.