മഴയിൽ പൊറത്തിശ്ശേരിയിൽ വീട്ടുമതിൽ തകർന്നു ; നഗരസഭയുടെ കാന നിർമ്മാണം തകർച്ചക്ക് കാരണമായെന്ന് വീട്ടുകാർ ; വീഴ്ചയില്ലെന്നും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കേണ്ടത് കരാറുകാരന്റെ ബാധ്യതയെന്നും നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം ..
ഇരിങ്ങാലക്കുട: തുടർച്ചയായ മഴയിൽ പൊറത്തിശ്ശേരിയിൽ വീടിന്റെ മതിൽ തകർന്ന് വീണു. നഗരസഭ വാർഡ് 39 ൽ തളിയക്കോണം കോട്ടപ്പടി വീട്ടിൽ സതീഷിന്റെ വീടിന്റെ മതിലാണ് തകർന്ന് വീണത്. ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. മതിലിനോട് ചേർന്ന് നഗരസഭയുടെ പദ്ധതി വിഹിതം ഉപയോഗിച്ച് അക്ഷയ ക്ലബ് സ്റ്റേഡിയം റോഡിലെ കാന നിർമ്മാണത്തിനായി ജെസിബി ഉപയോഗിച്ച് കാന കോരിയതാണ് മതിൽ തകരാനുള്ള കാരണമെന്നും രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും മതിൽ പുനർനിർമ്മാണത്തിന് നടപടികൾ സ്വീകരിക്കണമെന്നും കാണിച്ച് നഗരസഭ, റവന്യൂ അധികൃതർക്ക് വീട്ടുകാർ പരാതി നല്കി.സാങ്കേതിക വിഷയങ്ങളുടെ പേരിൽ കാന നിർമ്മാണം നീണ്ട് പോയതാണ് മതിൽ തകരാൻ കാരണമെന്നും നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ അനാസ്ഥയാണ് പ്രകടമാകുന്നതെന്നും വാർഡ് കൗൺസിലർ ടി കെ ഷാജു കുറ്റപ്പെടുത്തി. എന്നാൽ തങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ചയില്ലെന്നും നിർമ്മാണ സമയത്തുള്ള സുരക്ഷാ നടപടികൾ സ്വീകരിക്കേണ്ടത് കരാറുകാരന്റെ ഉത്തരവാദിത്വമാണെന്നും എഞ്ചിനീയറിംഗ് വിഭാഗം വിശദീകരിച്ചു . സംഭവസ്ഥലം എഞ്ചിനീയറിംഗ് വിഭാഗം സന്ദർശിച്ചു.