ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് ജീവനക്കാരന്റെ സാമ്പത്തിക തട്ടിപ്പ് ; വിഷയത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭായോഗത്തിൽ ബഹളം …

ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് ജീവനക്കാരന്റെ സാമ്പത്തിക തട്ടിപ്പ് ; വിഷയത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭായോഗത്തിൽ ബഹളം …

ഇരിങ്ങാലക്കുട : നഗരസഭ സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് സാനിറ്റേഷൻ വക്കർ രാധയുടെ പേരിൽ കെഎസ്എഫ്ഇ അയ്യന്തോൾ ബ്രാഞ്ചിൽ നിന്നും ലോൺ സംഘടിപ്പിച്ച് നഗരസഭ ജീവനക്കാരൻ ജയശങ്കർ തട്ടിപ്പ് നടത്തിയ വിഷയത്തെ ചൊല്ലി നഗരസഭയുടെ അടിയന്തരയോഗത്തിൽ ബഹളം . ജയശങ്കറിന്റെയും സാലറി സർട്ടിഫിക്കറ്റ് നൽകിയ വിവരം അറിഞ്ഞിട്ടും നഗരസഭയെ അറിയിക്കാതിരുന്ന രാധയുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന അജണ്ടയാണ് ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള വാക്കേറ്റത്തിൽ കലാശിച്ചത്. ജയശങ്കർ നേരത്തെ തന്നെ കളവ് നടത്തിയതായി വ്യക്തമായിരുന്നുവെന്നും മാനുഷിക പരിഗണനയുടെ പേരിൽ അന്ന് അച്ചടക്ക നടപടികൾ ലഘൂകരിക്കുകയാണ് ഭരണപക്ഷം ചെയ്തതെന്നും കെഎസ്എഫ്ഇ യുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പ് ഡിസംബർ മൂന്നിന് അറിഞ്ഞിട്ടും ചെയർപേഴ്സൺ നടപടി സ്വീകരിച്ചില്ലെന്നും ഭരണപക്ഷം കള്ളത്തരങ്ങൾക്ക് കൂട്ട് നില്ക്കുകയാണെന്നും പ്രതിപക്ഷ അംഗങ്ങളായ അഡ്വ കെ ആർ വിജയ , സി സി ഷിബിൻ എന്നിവർ കുറ്റപ്പെടുത്തി. തട്ടിപ്പ് നടത്തിയ ജയശങ്കറിനെയും തട്ടിപ്പിന് ഇരയായ രാധയെയും സമാനമായി കാണുന്ന ശൈലി ശരിയല്ലെന്നും രാധ കുറ്റക്കാരിയാണെങ്കിൽ തട്ടിപ്പ് അറിഞ്ഞ ഉദ്യോഗസ്ഥർ അടക്കമുള്ളവരെയും കുറ്റക്കാരായി കാണേണ്ടി വരുമെന്നും എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു. കുറ്റക്കാരന്റെ പേരിൽ വ്യാജ രേഖ ചമച്ചതിന് ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്ന് എൽഡിഎഫ് അംഗം അഡ്വ ജിഷ ജോബിയും ആവശ്യപ്പെട്ടു. ജയശങ്കറിനെ രക്ഷിക്കാനുള്ള നീക്കത്തിന് പിന്നിൽ രാഷ്ട്രീയമാണെന്ന ഷിബിന്റെ പ്രസ്താവനക്ക് എതിരെയും ഭരണസമിതിയെയും ഷിബിൻ അധിക്ഷേപിച്ചുവെന്ന് കുറ്റപെടുത്തി ചെയർപേഴ്സനും രംഗത്ത് വന്നതോടെ യോഗം ബഹളത്തിൽ മുങ്ങി. തുടർന്ന് വിഷയത്തിൽ ഇടപെട്ട നഗരസഭ സെക്രട്ടറി വ്യക്തിപരമായ ആക്ഷേപങ്ങൾ ഒഴിവാക്കണമെന്നും മുനിസിപ്പൽ ആക്റ്റ് പ്രകാരമുള്ള നടപടികൾ വിഷയത്തിൽ സ്വീകരിച്ചിട്ടുണ്ടെന്നും നടപടി സ്വീകരിക്കേണ്ടത് സെക്രട്ടറിയാണെന്ന ചെയർപേഴ്സന്റെ പരാമർശം ശരിയല്ലെന്നും വിശദീകരിച്ചു. സോണൽ ഓഫീസിൽ ജയശങ്കർ നടത്തിയ തട്ടിപ്പ് വിഷയം നഗരകാര്യ ഡയറക്ടറെ അറിയിച്ചിട്ടുണ്ടെന്നും ജയശങ്കറിന്റെ സേവന പുസ്തകത്തിൽ ചുവന്ന അടയാളം രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുരിയാട് ബാങ്കുമായി നടത്തിയ ക്രമക്കേടിന്റെ പേരിൽ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും സെക്രട്ടറി നടത്തിയ ദീർഘമായ വിശദീകരണത്തിൽ ചൂണ്ടിക്കാട്ടി. ചർച്ചകൾക്ക് ഒടുവിൽ ജയശങ്കറിനെ സസ്പെന്റ് ചെയ്യുന്നതിനും അനുയോജ്യമായ നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് നഗരകാര്യ ഡയറക്ടർക്ക് കത്ത് നല്കാനും യോഗം തീരുമാനിച്ചു.
ആധുനിക അറവുശാലയുടെ ഡിപിആർ തയ്യാറാക്കാൻ കണ്ണൂരിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ ഫാമിംഗ് ആന്റ് ഫുഡ് പ്രൊസസിംഗ് എന്ന സ്ഥാപനത്തിന് 26 ലക്ഷം രൂപ നല്കാനും മണ്ണ് പരിശോധനക്കായി പഴയ കെട്ടിടം പൊളിക്കാനും യോഗം തീരുമാനിച്ചു.
വർഷങ്ങൾക്ക് മുമ്പ് ഉദ്ഘാടനം കഴിഞ്ഞ നഗരസഭ തല പരിപാടിയുടെ ശിലാഫലകം നഗരസഭ ഓഫീസ് പരിസരത്ത് അനാഥമായി കിടക്കുകയാണെന്നും ഫലകം സ്ഥാപിക്കുകയോ മാറ്റി സംരക്ഷിക്കുകയോ ചെയ്യണമെന്നും ബിജെപി അംഗം സന്തോഷ് ബോബൻ പറഞ്ഞു. താൻ ഇപ്പോൾ മാത്രമാണ് വിഷയം അറിഞ്ഞതെന്നും ഫലകം അനാഥമായി കിടക്കുന്നത് കണ്ടിരുന്നില്ലെന്നും ചെയർപേഴ്സൺ പറഞ്ഞു.
യോഗത്തിൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. വൈസ് – ചെയർമാൻ ടി വി ചാർലി, അംഗങ്ങളായ പി ടി ജോർജ്ജ്, എം ആർ ഷാജു, അൽഫോൺസ തോമസ്, ടി കെ ഷാജു, എ എസ് സഞ്ജയ് , കെ പ്രവീൺ തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.

Please follow and like us: