ഇരിങ്ങാലക്കുട നഗരസഭയുടെ രണ്ടാമത്തെ വഴിയോര വിശ്രമ കേന്ദ്രം പൂതംകുളം മൈതാനത്ത് ; എല്ലാ ജില്ലകളിലും രണ്ട് ദ്രവമാലിന്യ നിർമ്മാർജ്ജന പ്ലാന്റുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം ബി രാജേഷ് ..

ഇരിങ്ങാലക്കുട നഗരസഭയുടെ രണ്ടാമത്തെ വഴിയോര വിശ്രമ കേന്ദ്രം പൂതംകുളം മൈതാനത്ത് ; എല്ലാ ജില്ലകളിലും രണ്ട് ദ്രവമാലിന്യ നിർമ്മാർജ്ജന പ്ലാന്റുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം ബി രാജേഷ് ..

ഇരിങ്ങാലക്കുട : എല്ലാ ജില്ലകളിലും രണ്ട് ദ്രവമാലിന്യനിർമാർജ്ജന പ്ലാന്റുകൾ ആരംഭിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷ്. ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ പൂതംകുളം മൈതാനിയിൽ ആരംഭിച്ച വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മാലിന്യ സംസ്കരണ രംഗത്ത് നടത്തിയ ഇടപെടലുകൾക്ക് കഴിഞ്ഞ ദിവസം ഹരിത ട്രിബ്യൂണലിന്റെ അംഗീകാരം നേടാൻ കേരളത്തിന് കഴിഞ്ഞു. കോടിക്കണക്കിന് രൂപയാണ് ശുചിത്വ രംഗത്തെ വീഴ്ചകളുടെ പേരിൽ വിവിധ സംസ്ഥാനങ്ങൾക്ക് ട്രിബ്യൂണൽ പിഴ ചുമത്തിയിരിക്കുന്നത്. ഒരു പ്രദേശത്ത് മാലിന്യ സംസ്കരണ പ്ലാന്റ് ആരംഭിക്കാൻ തീരുമാനിക്കുമ്പോൾ തന്നെ പ്രദേശവാസികളിൽ നിന്ന് എതിർപ്പ് ഉയരുന്നുണ്ട്. എന്നാൽ സംസ്കരിക്കാത്ത മാലിന്യമാണ് പ്ലാന്റിനേക്കാൾ അപകടം എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയേണ്ടതുണ്ട്. പുതിയ കെട്ടിടങ്ങൾ മനോഹരമായി നിർമ്മിക്കുമ്പോൾ തന്നെ അവ നിലനിറുത്തുന്ന കാര്യത്തിലും ജാഗ്രത പാലിക്കണമെന്ന് പൊതു ശൗചാലയങ്ങളുടെ സ്ഥിതി ചൂണ്ടിക്കാട്ടി മന്ത്രി ആവശ്യപ്പെട്ടു.
ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ എഞ്ചിനീയർ ഗീതകുമാരി റിപോർട്ട് അവതരിപ്പിച്ചു. ചെയർപേഴ്സൺ സോണിയ ഗിരി, വൈസ് – ചെയർമാൻ ടി വി ചാർലി, സെക്രട്ടറി മുഹമ്മദ് അനസ്, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ , കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. ഇരുപത് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് രണ്ടാമത്തെ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.

Please follow and like us: