കേരളത്തിന്റെ ഭാവഗായകന് ജന്മനാട്ടിൽ ആദരം ; ചലച്ചിത്രസംഗീതത്തിന്റെ സുവർണ്ണകാലത്തിന്റെ പ്രതിനിധിയാണ് പി ജയചന്ദ്രനെന്ന് സച്ചിദാനന്ദൻ …

കേരളത്തിന്റെ ഭാവഗായകന് ജന്മനാട്ടിൽ ആദരം ; ചലച്ചിത്രസംഗീതത്തിന്റെ സുവർണ്ണകാലത്തിന്റെ പ്രതിനിധിയാണ് പി ജയചന്ദ്രനെന്ന് സച്ചിദാനന്ദൻ …

 

ഇരിങ്ങാലക്കുട : കേരളത്തിന്റെ ഭാവ ഗായകന് ജന്മനാട്ടിൽ ആദരം . 2022 ലെ കെ രാഘവൻ മാസ്റ്റർ പുരസ്കാരം ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ കവിയും സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ കെ സച്ചിദാനന്ദൻ ഗായകൻ പി ജയചന്ദ്രന് സമ്മാനിച്ചു. സിനിമ സംഗീതത്തിന്റെ സുവർണ്ണകാലത്തിന്റെ പ്രതിനിധിയാണ് ജയചന്ദ്രനെന്ന് പുരസ്കാര സമർപ്പണം നിർവഹിച്ച് കൊണ്ട് കെ സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടി. വേറിട്ട ശബ്ദത്തിന് വേണ്ടി മലയാളികൾ കാതോർത്തിരുന്ന കാലത്താണ് ജയചന്ദ്രൻ ചലച്ചിത്ര സംഗീത മേഖലയിലേക്ക് കടന്ന് വന്നത്. വ്യത്യസ്തവും രാഗലയപൂർണ്ണവുമായ സംഗീതത്തോടുള്ള സമീപനമാണ് ജയചന്ദ്രനെ ഉയരങ്ങളിൽ എത്തിച്ചത്. രാഗാടിസ്ഥാനത്തിലുളള പഴയ ഗാനങ്ങൾ കേൾക്കുമ്പോൾ ആദ്യം ഓർക്കുന്ന പേര് ജയചന്ദ്രന്റേതാണ് . രാമനാഥൻ പാടുമ്പോൾ എന്ന കവിതയിലെ വരികൾ ജയചന്ദ്രന് പാടി സമർപ്പിച്ചു കൊണ്ടാണ് സച്ചിദാനന്ദൻ പുരസ്കാര സമർപ്പണം നിർവഹിച്ചത്. കെ രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ പ്രസിഡണ്ട് വി ടി മുരളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി വി ബാലൻ ആമുഖ പ്രഭാഷണം നടത്തി. സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി മുഖ്യ പ്രഭാഷണം നടത്തി. പി ബാലചന്ദ്രൻ എംഎൽഎ , കൂടിയാട്ട കുലപതി വേണുജി , കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി, നടൻ ജയരാജ് വാര്യർ, എഴുത്തുകാരൻ അശോകൻ ചരുവിൽ, കേരള ഫീഡ്സ് ചെയർമാൻ കെ ശ്രീകുമാർ , ഫൗണ്ടേഷൻ ജോയിന്റ് സെക്രട്ടറി അനിൽ മാരാത്ത്, അംഗം സി എസ് മീനാക്ഷി , പ്രൊഫ സാവിത്രി ലക്ഷ്മണൻ , നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി എന്നിവർ സംസാരിച്ചു. കെ രാഘവൻ മാസ്റ്ററെയും ദേവരാജൻ മാസ്റ്റരെയും പോലുള്ള മഹാപ്രതിഭകളുടെ കീഴിൽ പാടാൻ സാധിച്ചതാണ് തനിക്ക് ലഭിച്ച ഭാഗ്യമെന്നും പുരസ്കാരങ്ങളെക്കാൾ ശ്രോതാക്കൾ കേട്ട് അനുഗ്രഹിക്കുന്നതിലാണ് കാര്യമെന്നും പുരസ്കാരം സ്വീകരിച്ച് കൊണ്ട് പി ജയചന്ദ്രൻ പറഞ്ഞു. പുതിയ കാലഘട്ടത്തിലെ ഗാനങ്ങൾ പലതും സന്ദർഭത്തിന് യോജിക്കാത്തവയാണെന്നും ഒരാഴ്ചയുടെ ആയുസ്സ് മാത്രമേ പല ഗാനങ്ങൾക്കും ഉള്ളുവെന്നും ജയചന്ദ്രൻ ചൂണ്ടിക്കാട്ടി. സംഘാടകസമിതി ചെയർമാൻ അഡ്വ രാജേഷ് തമ്പാൻ സ്വാഗതവും കൺവീനർ വി എസ് വസന്തൻ നന്ദിയും പറഞ്ഞു.

Please follow and like us: