” ബെസ്റ്റ് കോക്കനട്ട് ഇൻഡസ്ട്രി അവാർഡ് ” നേടിയ കെഎൽഎഫ് നിർമ്മൽ ഇൻഡസ്ട്രീസ് സാരഥികൾക്ക് ആദരം ; വാണിജ്യനഗരമായി ഇരിങ്ങാലക്കുടയെ ഉയർത്തുന്നതിൽ കെഎൽഎഫ് ഗ്രൂപ്പ് നിർണ്ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് മന്ത്രി ഡോ. ആർ ബിന്ദു…
ഇരിങ്ങാലക്കുട : ഇരുപത് രാജ്യങ്ങൾ ഉൾപ്പെടുന്ന ഇന്റർനാഷണൽ കോക്കനട്ട് കമ്മ്യൂണിറ്റിയുടെ ” ബെസ്റ്റ് കോക്കനട്ട് ഇൻഡസ്ട്രി അവാർഡ് ” നേടിയ കെഎൽഎഫ് നിർമ്മൽ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാരഥികളെ ആദരിച്ചു. ഇരിങ്ങാലക്കുടയിലുള്ള കമ്പനി ആസ്ഥാനത്ത് നടന്ന ആദരിക്കൽ ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കാലാനുസാരിയായ മാറ്റങ്ങൾ കൊണ്ട് വരാൻ കഴിഞ്ഞതാണ് കെഎൽഎഫ് ഗ്രൂപ്പിന്റെ വിജയമെന്നും ഇരിങ്ങാലക്കുടയെ ഒരു വാണിജ്യ നഗരമായി ഉയർത്തുന്നതിൽ കെഎൽഎഫ് നിർണ്ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. കെഎൽഎഫ് ബിസിനസ്സ് ഹെഡ് ജോർജ്ജ് ജോൺ അധ്യക്ഷത വഹിച്ചു. ടി എൻ പ്രതാപൻ എംപി മുഖ്യാതിഥി ആയിരുന്നു. രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. കെഎൽഎഫ് മാനേജിംഗ് ഡയറക്ടർമാരായ സണ്ണി ഫ്രാൻസിസ് , ഡയറക്ടർമാരായ ജോൺ ഫ്രാൻസിസ് , പോൾ ഫ്രാൻസിസ് എന്നിവർ പുരസ്കാരങ്ങൾ എറ്റ് വാങ്ങി. കെഎസ്ഇ ലിമിറ്റഡ് എംഡി എം പി ജാക്സൻ , ക്രൈസ്റ്റ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി ,കെപിഎൽ ഓയിൽ മിൽസ് എംഡി ജോസ് ജോൺ , വർക്കേഴ്സ് യൂണിയൻ പ്രതിനിധി പി കെ സന്തോഷ്, ടെക്നീഷ്യൻസ് യൂണിയൻ പ്രതിനിധി വിനു എം സി എന്നിവർ ആശംസകൾ നേർന്നു. എച്ച്ആർ വിഭാഗം സീനിയർ മാനേജർ ധീരജ് കെ ഉണ്ണി സ്വാഗതവും ഫൈനാൻസ് മാനേജർ രാജേഷ് ടി മേനോൻ നന്ദിയും പറഞ്ഞു.