കേരളീയകലകളില്‍ മത്സരാര്‍ഥികള്‍ കുറയുന്നു, ചാക്യാര്‍കൂത്തിന് ഒരു മത്സരാര്‍ഥി മാത്രം …

കേരളീയകലകളില്‍ മത്സരാര്‍ഥികള്‍ കുറയുന്നു, ചാക്യാര്‍കൂത്തിന് ഒരു മത്സരാര്‍ഥി മാത്രം …

ഇരിങ്ങാലക്കുട: റവന്യൂ ജില്ലാ കലോത്സവം തകര്‍ത്താടുമ്പോഴും കേരളത്തിന്റെ തനതുകലാരൂപങ്ങളുള്‍പ്പെടെയുള്ള നിരവധി ഇനങ്ങളില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ കുറവ്. ക്ഷേത്രകലകളുടെ നാടായ ഇരിങ്ങാലക്കുടയില്‍ ചാക്യാര്‍കൂത്തിന് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ഹൈസ്‌കൂള്‍ വിഭാഗത്തിലും ഒരാള്‍ മാത്രം. ചാക്യാര്‍കൂത്ത് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നാലു പേർ മത്സരത്തിന് പേര് കൊടുത്തിരുന്നുവെങ്കിലും മൂന്നും പേരും എത്തിയില്ല. ചാവക്കാട് ഉപജില്ലയിലെ ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്എസ്എസിലെ പി.ആര്‍. ഗണേഷ് മാത്രമാണ് മത്സരരംഗത്തുണ്ടായത്. ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. ചാവക്കാട് രാജാ സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ് അമ്മ സി.ബി. സീന. മൂന്നാം തവണയാണ് സംസ്ഥാനതലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടുന്നത്. മുമ്പ് രണ്ടുതവണയും ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. കലാമണ്ഡലം അനൂപാണ് ഗുരു. മുന്‍ വര്‍ഷങ്ങളില്‍ ഓട്ടംതുള്ളലില്‍ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ചാക്യാര്‍കൂത്ത് ഹൈസ്‌കൂള്‍ വിഭാഗത്തിലും ഒരാള്‍ മാത്രമാണ് മത്സരത്തിനുണ്ടായിരുന്നത്. ചാലക്കുടി കാര്‍മല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഗോവര്‍ധനന്‍ മാത്രം. ബാങ്ക് മാനേജരായ പി. ഉണ്ണികൃഷ്ണന്റെയും ഡബ്ബിംഗ് ആര്‍ടിസ്റ്റും നൃത്ത അധാപികയായ രശ്മിയുടെയും മകനാണ്. അറബനമുട്ടില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്. നേപഥ്യ യദുകൃഷ്ണന്‍, നേപഥ്യ രാഹുല്‍, നേപഥ്യ ശ്രീഹരി എന്നിവരാണ് ഗുരുക്കന്‍മാര്‍. രണ്ടുപേര്‍ പേര് നല്‍കിയിരുന്നെങ്കിലും ഒരാള്‍ മാത്രമാണ് പങ്കെടുത്തത്. ഇരുവരുടെയും ഉപജില്ലകളില്‍ മത്സരിക്കുവാന്‍ മറ്റാരും ഉണ്ടായിരുന്നില്ല.

Please follow and like us: