ഓട്ടൻതുള്ളലിൽ ശ്രദ്ധേയമായ പ്രകടനങ്ങളുമായി മണലൂർ ഗോപിനാഥന്റെ ശിഷ്യൻമാർ ;കലോൽസവത്തിന് എത്തിയത് എഴ് ഉപജില്ലകളിൽ നിന്നായി പത്ത് വിദ്യാർഥികൾ …

ഓട്ടൻതുള്ളലിൽ ശ്രദ്ധേയമായ പ്രകടനങ്ങളുമായി മണലൂർ ഗോപിനാഥന്റെ ശിഷ്യൻമാർ ;കലോൽസവത്തിന് എത്തിയത് എഴ് ഉപജില്ലകളിൽ നിന്നായി പത്ത് വിദ്യാർഥികൾ …

ഇരിങ്ങാലക്കുട : റവന്യൂ കലോൽസവത്തിൽ ഓട്ടൻ തുള്ളലിൽ വിജയമാവർത്തിച്ച് അധ്യാപകൻ മണലൂർ ഗോപിനാഥന്റെ ശിഷ്യൻമാർ . എഴ് ഉപജില്ലകളിൽ നിന്ന് 10 കുട്ടികളാണ് റിട്ട. പോലീസുകാരൻ കൂടിയായ മണലൂർ ഗോപിനാഥന്റെ ശിക്ഷണത്തിൽ മൽസരിക്കാൻ എത്തിയത്.മുപ്പതോളം വർഷങ്ങളായി ഓട്ടൻ തുള്ളൽ പരിശീലന രംഗത്തുള്ള മണലൂർ ഗോപിനാഥന്റെ ശിഷ്യൻമാരിൽ നാല് പേരാണ് 33 -മത് തൃശ്ശൂർ റവന്യൂ കലോൽസവത്തിൽ ശ്രദ്ധേയമായ വിജയങ്ങൾ നേടിയത്. യുപി വിഭാഗത്തിൽ തൃശ്ശൂർ കാൽദിയൻ സിറിയൻ സ്കൂളിലെ ഇന്ദുബാല എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയപ്പോൾ ഹൈസ്കൂൾ ബോയ്സ്, ഗേൾസ് വിഭാഗങ്ങളിൽ മണലൂർ ഗവ. സ്കൂളിലെ വൈഷ്ണവ് , കൊടുങ്ങല്ലൂർ ഗവ. സ്കൂളിലെ ഹീര എന്നിവർ രണ്ടാം സ്ഥാനങ്ങൾ നേടി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ നാട്ടിക എസ് എൻ സ്കൂളിലെ ആനന്ദികക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. കലാപഠനം ചിലവേറിയ കാലഘട്ടത്തിൽ തീരപ്രദേശങ്ങളിലെ സാധാരണക്കാരുടെ മക്കളാണ് പരിശീലനം നേടുന്നവരിൽ അധികമെന്നും മണലൂരിൽ തുള്ളൽ പഠന കേന്ദ്രം നടത്തുന്ന ഗോപിനാഥൻ മാസ്റ്റർ പറയുന്നു. സംഗീത നാടക അക്കാദമി, കലാമണ്ഡലം, സംസ്കാരിക വകുപ്പ്, ലക്കിടി കുഞ്ചൻ സ്മാരക കേന്ദ്രം എന്നിവയുടെ അംഗീകാരങ്ങൾ നേടിയിട്ടുള്ള മണലൂർ ഗോപിനാഥൻ തുള്ളലിന് ജനകീയ മുഖം നല്കാനും പുരാണങ്ങളിലെ പുതിയ കഥാഭാഗങ്ങൾ പരീക്ഷിക്കാനും ശ്രമങ്ങൾ നടത്തി വരികയാണ്. നളചരിതം, സുന്ദരീ സ്വയംവരം, രാമാനുജ ചരിതം, സന്താനഗോപാലം, കിരാതം എന്നീ കഥകളാണ് ഇരിങ്ങാലക്കുടയിലെ വേദികളിൽ അവതരിപ്പിച്ചത്. ഭാര്യ ബേബിയും കുട്ടികൾക്ക് മേക്കപ്പിടാൻ മകൻ ബബിൾനാഥും ഗോപിനാഥൻ മാസ്റ്റരുടെ ശ്രമങ്ങളെ പിന്തുണച്ച് കൂടെയുണ്ട്.

Please follow and like us: