തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ; ആതിഥേയരായ ഇരിങ്ങാലക്കുടയുടെ മുന്നേറ്റം തുടരുന്നു ; പ്രധാന വേദിയായ ടൗൺ ഹാളിൽ അവതരത്തിനിടയിൽ മാറ്റിൽ കുടുങ്ങി മൽസരാർഥിയുടെ കാലിടറിയതിനെ തുടർന്ന് മൽസരം കുറച്ച് നേരത്തേക്ക് നിറുത്തി വച്ചു…
തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ നടക്കുന്ന 33 – മത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനമൽസരങ്ങൾ പകുതി ദൂരം പിന്നിടുമ്പോൾ ആതിഥേയരായ ഇരിങ്ങാലക്കുട ഉപജില്ല 368 പോയിന്റ് നേടി മുന്നേറ്റം തുടരുന്നു. 362 പോയിന്റ് നേടി തൃശൂർ വെസ്റ്റും 367 പോയിന്റ് നേടി കുന്നംകുളം ഉപജില്ലയും പുറകിലുണ്ട്.
സ്കൂളുകളിൽ ചെന്ത്രാപ്പിന്നി എച്ച്എസ്എസ് 152 പോയിന്റ് നേടി മുന്നിൽ എത്തിയിട്ടുണ്ട്. ആദ്യ ദിനത്തിൽ മേധാവിത്വം പുലർത്തിയ മതിലകം സെന്റ് ജോസഫ്സ് 140 പോയിന്റ് നേടി രണ്ടാം സ്ഥാനത്തുണ്ട്. പാടൂർ ഇസ്ലാം എച്ച്എസ്എസ് ആണ് 106 പോയിന്റ് നേടി മൂന്നാം സ്ഥാനത്തുള്ളത്.
മൂന്നാം ദിനത്തിൽ പ്രധാന വേദിയായ ടൗൺ ഹാളിൽ കേരള നടനം ഹയർ സെക്കണ്ടറി ഗേൾസ് വിഭാഗം മൽസരങ്ങൾ പത്തേകാലോടെയാണ് ആരംഭിച്ചത്. അവതരണത്തിനിടയിൽ സ്റ്റേജിലെ മാറ്റിൽ കാലിടറി മൽസരാർഥി രണ്ട് തവണ വീഴാൻ പോയതിനെ തുടർന്ന് മൽസരം അല്പനേരത്തേക്ക് നിറുത്തി വച്ചു. തുടർന്ന് സ്റ്റേജ് മാനേജ്മെന്റ് കമ്മിറ്റിയുടെ നേത്യത്വത്തിൽ മാറ്റുകൾക്കിടയിൽ സെല്ലുടേപ്പ് ഒട്ടിച്ചതിന് ശേഷമാണ് മൽസരം ആരംഭിച്ചത്. 11 കുട്ടികളാണ് ഈ വിഭാഗത്തിൽ മൽസരിക്കുന്നത്.
പത്ത് മണിയോടെ മറ്റ് വേദികളും സജീവമായതായി സംഘാടകർ അറിയിച്ചു. അതേ സമയം രണ്ടാം വേദിയായ ഡോൺ ബോസ്കോയിലെ പരിപാടികൾ മൂന്നാം വേദിയായ ഗേൾസിലേക്കും ഗേൾസിലെ പരിപാടികൾ ഡോൺ ബോസ്കോയിലേക്കും മാറ്റിയത് മൽസരാർഥികളിലും ഒപ്പം എത്തിയ രക്ഷിതാക്കളിലും ആശയക്കുഴപ്പത്തിന് കാരണമായി.സാങ്കേതിക വിഷയങ്ങളുടെ പേരിൽ കഴിഞ്ഞ ദിവസം രാത്രിയാണ് വേദികളുടെ മാറ്റം സംബന്ധിച്ച അറിയിപ്പ് ബന്ധപ്പെട്ടവർക്ക് ലഭിച്ചത്.