ആളൂരിൽ പമ്പ് മാനേജരെ അടിച്ചു വീഴ്ത്തി കവർച്ചാശ്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ …
ഇരിങ്ങാലക്കുട :ആളൂരിൽ പെട്രോൾ പമ്പ് അടച്ച് പണവുമായി വന്നിരുന്ന മാനേജരെ സ്കൂട്ടറിൽ കാത്തു നിന്ന് തലയ്ക്കടിച്ചു വീഴ്ത്തി പണം കവർച്ച ചെയ്യാനെത്തിയ രണ്ടംഗ സംഘം അറസ്റ്റിലായി. കൊടകര മനക്കുളങ്ങര സ്വദേശി അമ്പാടത്ത് വീട്ടിൽ അമൽരാജ് (35 വയസ്സ്), കൊടുങ്ങല്ലൂർ എസ്.എൻ പുരം സ്വദേശി ഈരയിൽ വീട്ടിൽ മധു (കണ്ണൻ 36 വയസ്സ്) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്.പി. ബാബു കെ.തോമസിന്റെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ എം.ബി.സിബിൻ, എസ്.ഐ കെ.എസ്.സുബിന്ത് എന്നിവർ അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് കേസ്സിനാസ്പദമായ സംഭവം. പത്തര മണിയോടെ പണവുമായി വീട്ടിലേക്ക് പോകുകയായിരുന്ന പുലിപ്പാറക്കുന്ന് പെട്രോൾ പമ്പ് മാനേജരാണ് ആക്രമിക്കപ്പെട്ടത്. ആളൂർ ബി.എൽ എം നു സമീപത്തെ ഇടവഴിയിൽ കാത്തു നിന്ന പ്രതികൾ പരാതിക്കാരൻ ബൈക്കിൽ വരുമ്പോൾ ഇരുമ്പു പൈപ്പ് കൊണ്ട് അടിക്കുകയായിരുന്നു. റോഡരികിൽ നിൽക്കുന്നയാൾ പൈപ്പ് വീശുന്നതു കണ്ട് പെട്ടന്ന് ബൈക്ക് വെട്ടിച്ചു ഒഴിഞ്ഞുമാറാൻ കഴിഞ്ഞതിനാലാണ് അപായമുണ്ടാകാതെ രക്ഷപ്പെട്ടത്. പൈപ്പ് കൊണ്ടുള്ള അടി ബൈക്കിന്റെ . തണ്ടിൽ കൊണ്ടങ്കിലും വീഴാതെ രക്ഷപ്പെട്ടു. പ്രതികളിൽ മധു പുറകെ വന്നെങ്കിലും പരാതിക്കാരൻ ബൈക്ക് വേഗത്തിലെടുത്ത് രക്ഷപ്പെട്ടു. ഉടനെ പോലീസിൽ പരാതി നൽകി ഒന്നാം പ്രതി അമൽ രാജിനെക്കുറിച്ച് പരാതിക്കാരൻ പോലീസിന് സൂചന നൽകി. ഉടനെ പോലീസ് സംഘം അമൽ രാജിന്റെ വീട്ടിലെത്തി വീടുവളഞ്ഞാണ് രണ്ടു പേരേയും അറസ്റ്റു ചെയ്തത്. പരാതിക്കാരൻ തിരിച്ചറിഞ്ഞെന്നു സംശയം തോന്നിയതിനാൽ അമൽരാജിനെ വീട്ടിലാക്കി മധു രക്ഷപ്പെടാൻ തയ്യാറെടുക്കുമ്പോഴാണ് പോലീസ് എത്തിയത്.അമൽരാജ് 2007 ൽ കോടാലി ശ്രീധരൻ ഉൾപ്പെട്ട ചെർപ്പുളശ്ശേരി സ്വർണ്ണ കവർച്ച കേസ്സിൽ പ്രതിയാണ്. സാമ്പത്തിക ബുദ്ധിമുട്ട് തീർക്കാനാണ് കവർച്ചക്കിറങ്ങിയതെന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. ഇരുവരേയും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കൃത്യത്തിന് ഇവർ എത്തിയ സ്കൂട്ടറും ആക്രമണത്തിനുപയോഗിച്ച
ഇരുമ്പു പൈപ്പും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്.ഐ. മാരായ ഇ.ആർ.സിജുമോൻ, ദാസൻ മുണ്ടയ്ക്കൽ എ എസ്.ഐ സി.ഒ ജോഷി, സീനിയർ സി.പി.ഒ.മാരായ റിക്സൻ , സി.മധു , ബിലഹരി എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.