തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ; 353 പോയിന്റ് നേടി ആതിഥേയരായ ഇരിങ്ങാലക്കുട ഉപജില്ല മുന്നിൽ ;പ്രധാന വേദിയായ ടൗൺ ഹാളിൽ രാത്രി വൈകിയും മൽസരങ്ങൾ തുടരുന്നു …
തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ നടക്കുന്ന 33 – മത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനമൽസരങ്ങൾ അവസാനിക്കുമ്പോൾ ആതിഥേയരായ ഇരിങ്ങാലക്കുട ഉപജില്ല 353 പോയിന്റ് നേടി മുന്നിൽ. 347 പോയിന്റ് നേടി തൃശൂർ വെസ്റ്റും 346 പോയിന്റ് നേടി കുന്നംകുളം ഉപജില്ലയും പുറകിലുണ്ട്.
സ്കൂളുകളിൽ ചെന്ത്രാപ്പിന്നി എച്ച്എസ്എസ് 142 പോയിന്റ് നേടി മുന്നിൽ എത്തിയിട്ടുണ്ട്. ആദ്യ ദിനത്തിൽ മേധാവിത്വം പുലർത്തിയ മതിലകം സെന്റ് ജോസഫ്സ് 140 പോയിന്റ് നേടി രണ്ടാം സ്ഥാനത്തുണ്ട്. പാടൂർ ഇസ്ലാം എച്ച്എസ്എസ് ആണ് 106 പോയിന്റ് നേടി മൂന്നാം സ്ഥാനത്തുള്ളത്.
അതേ സമയം കലോൽസവത്തിന്റെ പ്രധാന വേദിയായ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ രാത്രി വൈകീട്ടും മൽസരങ്ങൾ തുടരുകയാണ്. ഉദ്ഘാടന ചടങ്ങ് നീണ്ടതിനെ തുടർന്ന് രാവിലെ ആരംഭിക്കേണ്ടിയിരുന്ന മൽസരങ്ങൾ പന്ത്രണ്ട് മണിയോടെയാണ് ആരംഭിച്ചത്. വൈകീട്ട് ആരംഭിക്കേണ്ടിയിരുന്ന ഭരതനാട്യം ഹയർ സെക്കണ്ടറി വിഭാഗം മൽസരങ്ങൾ രാത്രി ഒമ്പത് മണിയോടെയാണ് ആരംഭിച്ചത്.
സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ ഡോൺബോസ്കോ സ്കൂളിൽ നാളെ നടക്കേണ്ട മൽസരങ്ങൾ ഗേൾസ് സ്കൂളിലേക്കും ഗേൾസ് സ്കൂളിൽ നടക്കേണ്ട മൽസരങ്ങൾ ഡോൺ ബോസ്കോ സ്കൂളിലേക്കും മാറ്റിയിട്ടുണ്ട് .