ഉപജില്ലയിൽ നിന്നും അപ്പീലുമായെത്തെിയ കുന്നംകുളം ബഥനിക്കു ഒപ്പനയില്‍ ഒന്നാം സ്ഥാനം …
ഇരിങ്ങാലക്കുട: മൈലാഞ്ചിക്കൈകള്‍ താളമിട്ട്പാടിയപ്പോള്‍ പുതുക്കപ്പെണ്ണൊതുക്കത്തില്‍ മുഖം മറച്ചു. തട്ടമിട്ട മൊഞ്ചത്തിമാര്‍ കൈകൊട്ടി പാടിയപ്പോള്‍ സദസ്സ് ഒന്നാകെ ഇളകി. ഫലപ്രഖ്യാപനവും കേട്ട് വിജയികളെ അഭിനന്ദിച്ച ശേഷമാണ് ഒത്തിരിപേര്‍ വീടണഞ്ഞത്. രാവിലെ മുതല്‍ ലിറ്റില്‍ ഫ്ലവർ സ്‌കൂളില്‍ നടന്ന ഹയർ സെക്കണ്ടറി വിഭാഗം ഒപ്പനവേദി കാണികളെ ഒട്ടും നിരാശരാക്കാതെ ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു. പതിനഞ്ച് ടീമുകളാണ് മൽസരിക്കാൻ ഉണ്ടായിരുന്നത്. സര്‍വാഭരണവിഭൂഷിതയായി മിന്നിത്തിളങ്ങുന്ന വസ്ത്രങ്ങളണിഞ്ഞ് നാണത്തില്‍ കുതിര്‍ന്ന മിഴിയുമായ് ചെറുപുഞ്ചിരി തൂവി കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൃഷ ജയനും സംഘവും ‘അസലായി സഭയില്‍ വന്ത പുതുനാരി’ എന്നു തുടങ്ങുന്ന ഇമ്പമാര്‍ന്ന പാട്ടിനനുസരിച്ച് ചടുല വേഗത്തില്‍ കൈമെയ് മറന്ന് നിറഞ്ഞാടിയപ്പോള്‍ ഒന്നാം സ്ഥാനം തന്നെ തേടിയെത്തി. കഴിഞ്ഞ 15 വര്‍ഷമായി സംസ്ഥാനതലത്തില്‍ മത്സരിക്കുന്ന കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നിരവധി തവണ സമ്മാനം ലഭിച്ചിട്ടുണ്ട്. മുനീര്‍ തലശേരിയാണ് 15 വര്‍ഷമായി ഒപ്പന അഭ്യസിപ്പിക്കുന്നത്. ഉപജില്ലാ കലോത്സവത്തില്‍ നിന്ന് അപ്പീലുമായി എത്തിയാണ് ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം തേടുന്നത്. പൃഷയെ കൂടാതെ അനഘ സുനിൽ ,ഫിദ, ഹിബ ഫാത്തിമ, കൃഷ്ണ, അലിൻ , തേജസ്സ്, ഡയാന, അനഘ കെ എസ് എന്നിവരാണ് ടീമിൽ ഉണ്ടായിരുന്നത്.