കൗമാരകലയുടെ വസന്തോൽസവത്തിന് ഇരിങ്ങാലക്കുടയിൽ തിരിതെളിഞ്ഞു ; 33 – മത് തൃശ്ശൂർ റവന്യു ജില്ലാ സ്കൂൾ കലോൽസവത്തിന് പ്രൗഡഗംഭീരമായ തുടക്കമായി….
ഇരിങ്ങാലക്കുട: സംഗമപുരിയിൽ കൗമാരകലയുടെ വസന്തോൽസവത്തിന് തിരി തെളിഞ്ഞു. എണ്ണായിരത്തോളം കലാപ്രതിഭകൾ മാറ്റുരക്കുന്ന 33 – മത് തൃശ്ശൂർ റവന്യു ജില്ലാ കേരള സ്കൂൾ കലോത്സവത്തിന് ഇരിങ്ങാലക്കുടയിൽ പ്രൗഡ ഗംഭീരമായ തുടക്കമായി. ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി അഡ്വ കെ രാജൻ കലോൽസവം ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷയായിരുന്നു. ടി എൻ പ്രതാപൻ എംപി, സനീഷ്കുമാർ എംഎൽഎ , മുൻ എം പി പ്രൊഫ സാവിത്രി ലക്ഷ്മണൻ ,സംഗീത സംവിധായകൻ വിദ്യാധരൻമാസ്റ്റർ, കൂടിയാട്ട കലാകാരൻ ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർ , കഥകളി കലാകാരൻ ഡോ സദനം കൃഷ്ണൻകുട്ടി, കൂടിയാട്ട കുലപതി വേണുജി, സിനി ആർട്ടിസ്റ്റ് ജയരാജ് വാര്യർ, നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, വൈസ്- ചെയർമാൻ ടി വി ചാർലി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ, മറ്റ് ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് മേധാവികൾ എന്നിവർ ആശംസകൾ നേർന്നു. വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി വി മദനമോഹനൻ സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ എം കെ പ്രസാദ് നന്ദിയും പറഞ്ഞു. അമ്പതോളം അധ്യാപകർ ചേർന്ന് ആലപിച്ച സ്വാഗതഗാനത്തോടെയും ദൃശാവിഷ്കാരത്തോടെയും കൊരമ്പ് മൃദംഗ കളരിയുടെ നേത്യത്വത്തിൽ മൃദംഗമേളയോടും കൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്.