റവന്യൂ ജില്ലാ സ്കൂൾ കലോൽസവ വേദിയിൽ ആദ്യമായി സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കും; പ്രവർത്തനമാരംഭിച്ചിരിക്കുന്നത് പ്രധാനവേദികളിൽ ഒന്നായ ഗേൾസ് സ്കൂളിൽ …

റവന്യൂ ജില്ലാ സ്കൂൾ കലോൽസവ വേദിയിൽ ആദ്യമായി സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കും; പ്രവർത്തനമാരംഭിച്ചിരിക്കുന്നത് പ്രധാനവേദികളിൽ ഒന്നായ ഗേൾസ് സ്കൂളിൽ …

ഇരിങ്ങാലക്കുട: റവന്യൂ ജില്ലാ സ്കൂൾ കലോത്സവ വേദിയിൽ ആദ്യമായി സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കും. കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ കലോൽസവത്തിന്റെ പ്രധാന വേദികളിൽ ഒന്നായ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ജെൻഡർ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കലോൽസവ വേദികളിൽ എത്തുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും മാനസിക പിന്തുണ നല്കുകയെന്നതാണ് ഹെൽപ്പ് ഡെസ്കിലൂടെ ലക്ഷ്യമിടുന്നത്. വലപ്പാട് ഉപജില്ലാ കലോത്സവ വേദിയിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്കിന് ലഭിച്ച പ്രതികരണമാണ് റവന്യൂ വേദിയിലും സേവനം ലഭ്യമാക്കാൻ പ്രേരണയായത്. മൽസരാർഥികൾ ഉൾപ്പെടെ 26 പേർ അന്ന് ഹെൽപ്പ് ഡെസ്കിനെ സമീപിച്ചതായി സർവ്വീസ് പ്രൊവൈഡർ നീന മരിയ പറയുന്നു. ആത്മവിശ്വാസക്കുറവും മൽസര ഫലത്തെക്കുറിച്ചുള്ള മാനസിക സംഘർഷവുമാണ് പ്രധാനമായും കുട്ടികളിൽ നിഴലിച്ചിരുന്നത്. ഗേൾസ് സ്കൂളിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്ക് നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ കെ ആർ വിജയ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റംഗ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത് , കൗൺസിലർമാരായ സിജു യോഹന്നാൻ , പി എം സാനി, വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി വി മദനമോഹനൻ , കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ നിർമ്മൽ എസ് സി , പ്രോഗ്രാം കമ്മിറ്റി കൺവീനർ ബി സജീവ്, ഡയറ്റ് ഫാക്കൽറ്റി അംഗം എം ആർ സനോജ് തുടങ്ങിയവർ പങ്കെടുത്തു. രാവിലെ 10 മുതൽ വൈകീട്ട് എഴ് വരെ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും.

Please follow and like us: