തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ; ആദ്യദിനത്തിലെ ഫല നിർണ്ണയങ്ങൾ പൂർത്തിയായി; കൊടുങ്ങല്ലൂർ ഉപജില്ലയും മതിലകം സെന്റ് ജോസഫ്സ് സ്കൂളും മുന്നേറ്റം തുടരുന്നു …
തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ നടക്കുന്ന 33 – മത് തൃശ്ശൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോൽസവത്തിന്റെ ആദ്യദിനത്തിലെ ഫല നിർണ്ണയം പൂർത്തിയായപ്പോൾ ഫലങ്ങൾ പുറത്ത് വന്നപ്പോൾ കൊടുങ്ങലൂർ ഉപജില്ല 149 പോയിന്റുമായി മുന്നേറ്റം തുടരുന്നു. 146 പോയിന്റുമായി മാള ഉപജില്ല രണ്ടാം സ്ഥാനത്തുണ്ട്. 142 പോയിന്റ് വീതം നേടി തൃശ്ശൂർ വെസ്റ്റും ആതിഥേയരായ ഇരിങ്ങാലക്കുടയുമാണ് മൂന്നാം സ്ഥാനത്ത്.
സ്കൂളുകളിൽ മതിലകം സെന്റ് ജോസഫ്സ് സ്കൂൾ 79 പോയിന്റ് നേടി മുന്നിലുണ്ട്. ചെന്ത്രാപ്പിന്നി എച്ച്എസ്എസ് 53 ഉം പാവറട്ടി സെന്റ് ജോസഫ്സ് എച്ച്എസ്എസ് 50 ഉം പോയിന്റ് നേടിയിട്ടുണ്ട്.
ഗേൾസ് സ്കൂളിലെ 20 മുറികളിലായി നടന്ന ഓഫ് സ്റ്റേജ് ഇനങ്ങളിൽ 950 ഓളം കുട്ടികളാണ് പങ്കെടുത്തത്. പദ്യം ചൊല്ലൽ , ഗസൽ എന്നിവയിലുള്ള മൽസരങ്ങളും ഇതോടൊപ്പം നടന്നു.രാവിലെ പത്ത് മണിയോടെയാണ് മൽസരങ്ങൾ ആരംഭിച്ചത്.