കലയുടെ മാമാങ്കത്തിന് നാളെ ഇരിങ്ങാലക്കുടയിൽ തിരിതെളിയും;വരവറിയിച്ച് സ്വർണ്ണക്കപ്പ് ഘോഷയാത്ര …

കലയുടെ മാമാങ്കത്തിന് നാളെ ഇരിങ്ങാലക്കുടയിൽ തിരിതെളിയും;വരവറിയിച്ച് സ്വർണ്ണക്കപ്പ് ഘോഷയാത്ര …

തൃശൂർ:കോവിഡിനെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന 33-ാമത് തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വരവറിയിച്ച് വർണ്ണാഭമായ സ്വർണ്ണക്കപ്പ് ഘോഷയാത്ര. അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ ഹരിത വി കുമാർ എന്നിവർ ചേർന്ന് കപ്പ് കൈമാറി. കലോത്സവത്തിന്റെ ആവേശം നാടൊന്നാകെ ഏറ്റെടുക്കുകയാണെന്ന് പറഞ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചരിത്രത്തിലൂടെയുള്ള യാത്രയ്ക്കാണ് നാം സാക്ഷ്യംവഹിക്കുന്നതെന്നും പറഞ്ഞു. വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, ട്രോഫി കമ്മറ്റി ചെയർമാൻ സിജു യോഹന്നാൻ, കൺവീനർ റഫീഖ് എസ് എ, ഘോഷയാത്ര കമ്മറ്റി ചെയർമാൻ ബൈജു കുറ്റിക്കാടൻ, കൺവീനർ ജേക്കബ് ആലപ്പാട്ട് എന്നിവർ ചേർന്ന് ഏറ്റുവാങ്ങിയ കപ്പ് വിവിധ സ്കൂളുകളിൽ സ്വീകരണം ഏറ്റുവാങ്ങി.
സി എം എസ് ഹയർ സെക്കന്ററി സ്കൂൾ, തൃശൂർ, ജെ പി ഇ എച്ച് എസ് എസ് കൂർക്കഞ്ചേരി, എസ് എൻ എച്ച് എസ് എസ് കണിമംഗലം, സെന്റ് ആന്റണിസ് എച്ച് എസ് എസ് അമ്മാടം, സി എൻ എൻ എച്ച് എസ് എസ് ചേർപ്പ്, സെന്റ് ജോസഫ് എച്ച് എസ് കരുവന്നൂർ, എസ്എൻഎച്ച്എസ്എസ് ഇരിങ്ങാലക്കുട, സെന്റ് മേരീസ് എച്ച് എസ് എസ് ഇരിങ്ങാലക്കുട തുടങ്ങിയ സ്കൂളുകളിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ഹർഷാരവത്തോടെയാണ് സ്വർണ്ണക്കപ്പിന് സ്വീകരണം നൽകിയത്. തുടർന്ന് കേന്ദ്രീകൃത ഘോഷയാത്ര സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് തുടങ്ങി വിവിധ കലാരൂപങ്ങൾ, താളമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ ടൗൺഹാളിൽ എത്തിച്ചേർന്നു.

117.5 ഗ്രാമിന്റെ സ്വർണ്ണക്കപ്പ് സംസ്ഥാന കലോത്സവ മാതൃകയിലാണ് നിർമ്മിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുടയിൽ 16 വേദികളിലായി 26 വരെയാണ് മേള. 15 ഉപജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ അരങ്ങിലെത്തും. ഇരിങ്ങാലക്കുട ടൗൺ ഹാൾ, ഗവ.മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂൾ, ഗവ.എൽ പി സ്കൂൾ, എസ് എൻ ഹാൾ, ലയൺസ് ക്ലബ് ഹാൾ, പാരിഷ് ഹാൾ, ഡോൺബോസ്കോ സ്കൂൾ തുടങ്ങിയ വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുക. രാവിലെ 9.30 ന് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി അഡ്വ കെ രാജൻ കലോൽസവം ഉദ്ഘാടനം ചെയ്യും.

Please follow and like us: