റവന്യൂ ജില്ലാ സ്കൂൾ കലോൽസവം ; കലകളുടെ ഉൽസവത്തിന് ആവേശം പകരാൻ സ്വാഗതഗാനവും ; ആലപിക്കുന്നത് അമ്പതോളം പേർ ചേർന്ന് …
ഇരിങ്ങാലക്കുട : സാംസ്കാരിക കേന്ദ്രമായ സംഗമ പുരിയിൽ കലകളുടെ വേദികൾ മഹാമാരി സൃഷ്ടിച്ച ഇടവേളക്ക് ശേഷം ഉണരുമ്പോൾ ആവേശം പകരാൻ സ്വാഗതഗാനവും തയ്യാറായി. സംഗീത , ഭാഷ അധ്യാപകരും അനധ്യാപകരുമടക്കം അമ്പതോളം പേരാണ് നാളെ രാവിലെ 9.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സ്വാഗതഗാനം ആലപിക്കുക. ” കല തൻ ഉൽസവമായ് , ബാല്യ കൗമാരത്തിൻ ഉൽസവമായ് ‘ എന്ന് ആരംഭിക്കുന്ന വരികൾ കല്ലേറ്റുംകര ബിവിഎം സ്കൂളിലെ അധ്യാപിക റീന റാഫേലാണ് രചിച്ചിരിക്കുന്നത്. എട്ടര മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിന് ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിലെ സംഗീത അധ്യാപകൻ രഘു പുത്തില്ലം സംഗീതം പകർന്നപ്പോൾ എറണാകുളം സ്വദേശിയായ അനിൽ ഓർക്കസ്ട്രേഷൻ നിർവഹിച്ചു. ഡിഇഒ എസ് ഷാജി , പേഴ്സണൽ അസിസ്റ്റന്റ് ജസ്റ്റിൻ തോമസ്, പാലിശ്ശേരി എസ്എൻഡിപി സ്കൂളിലെ അധ്യാപിക വി അജിത എന്നിവരുടെ നേത്യത്വത്തിൽ സ്വാഗത ഗാനത്തിന്റെ അവസാന ഘട്ട പരിശീലനം ടൗൺ ഹാളിൽ പൂർത്തിയായി.