പൊറത്തൂച്ചിറ സമയബന്ധിതമായി കെട്ടുന്നതിലെ വീഴ്ചയെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭയോഗത്തിൽ ബഹളം; ഭരണ സമിതിയുടെ പരാജയമെന്ന് പ്രതിപക്ഷം; വാർഡ് കൗൺസിലറുടെ വീഴ്ചയെന്ന് ഭരണപക്ഷം ….
ഇരിങ്ങാലക്കുട: നാല്പത് ഏക്കറോളം വരുന്ന പാടശേഖരങ്ങളും അമ്പതോളം കർഷകരും കൃഷിക്കായി ആശ്രയിക്കുന്ന പൊറത്തിശ്ശേരി മേഖലയിലെ പൊറത്തൂച്ചിറ സമയബന്ധിതമായി കെട്ടുന്നതിൽ നഗരസഭ ഭരണ സമിതി വീഴ്ച വരുത്തിയെന്ന് ആരോപിച്ച് നഗരസഭയോഗത്തിൽ പ്രതിഷേധവുമായി എൽഡിഎഫ്, ബിജെപി കൗൺസിലർമാർ. നിശ്ചിത അജണ്ടകൾക്ക് മുന്നിൽ പ്രതിപക്ഷം ഉന്നയിച്ച വിഷയത്തെ ചൊല്ലി നടന്ന ചർച്ച യോഗത്തിൽ വാക്കേറ്റത്തിലും ബഹളത്തിലും കലാശിച്ചു. പൊറത്തിശ്ശേരി പഞ്ചായത്ത് നിലവിലുള്ള സമയത്ത് ചിറ സമയബന്ധിതമായി കെട്ടിയിരുന്നുവെന്നും അഞ്ചോളം വാർഡുകളിലെ ജനങ്ങൾ കുടിവെള്ളത്തിനായി ചിറയെയാണ് ആശ്രയിക്കാറുള്ളതെന്നും വിഷയം മുൻകൂട്ടി കൈകാര്യം ചെയ്യുന്നതിൽ ചെയർപേഴ്സണും ഭരണസമിതിക്കും വീഴ്ച സംഭവിച്ചതായും യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളായ സി സി ഷിബിൻ, സന്തോഷ് ബോബൻ , ടി കെ ഷാജു എന്നിവർ കുറ്റപ്പെടുത്തി. എന്നാൽ ചിറ കെട്ടാൻ ടെണ്ടർ വിളിച്ചിരുന്നുവെന്നും സിംഗിൾ ടെണ്ടറായ സാഹചര്യത്തിൽ റീ ടെണ്ടർ വിളിച്ചിട്ടുണ്ടെന്നും ചിറയുടെ ഷട്ടറുകൾ താഴ്ത്തുകയും തടയിണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും വിഷയം മുൻകൂട്ടി വാർഡ് കൗൺസിലർ അടക്കം ആരും ശ്രദ്ധയിൽ കൊണ്ട് വന്നിട്ടില്ലെന്നും ചെയർപേഴ്സൺ മറുപടി നല്കി. എന്നാൽ ചെയർപേഴ്സന്റെ വിശദീകരണത്തിൽ പ്രതിപക്ഷം ത്യപ്തരായില്ല. വിഷയം രേഖാമൂലം സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും 48000 രൂപയുടെ പ്രവൃത്തിക്ക് വേണ്ടി എന്തിനാണ് ഇ ടെണ്ടർ വിളിച്ചതെന്നും തനത് ഫണ്ടിന്റെ 25 % അടിയന്തര പ്രവ്യത്തികൾക്ക് ചിലവഴിക്കാൻ വ്യവസ്ഥ ഉണ്ടെന്നും സി സി ഷിബിനും കഴിഞ്ഞ മാസം സെക്രട്ടറിയെ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും രേഖ കയ്യിലുണ്ടെന്നും ചെയർപേഴ്സന്റെ മുറിയിൽ വന്ന് സംസാരിച്ചിട്ടുണ്ടെന്നും വാർഡ് സഭയിലും വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും തന്റെ ഭാഗത്ത് നിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും വാർഡ് കൗൺസിലറും എൽഡിഎഫ് അംഗവുമായ സതി സുബ്രമണ്യനും പറഞ്ഞു. എന്നാൽ വാർഡ് കൗൺസിലറുടെ വീഴ്ച മറച്ച് പിടിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്നും വാർഡ് കൗൺസിലറുടെ കയ്യിലുള്ള രേഖ പരിശോധിക്കണമെന്നും വാർഡ് സഭയിൽ വിഷയം ഉന്നയിച്ചിട്ടില്ലെന്നും നഗരസഭ വൈസ്- ചെയർമാൻ ടി വി ചാർലി, ഭരണകക്ഷി അംഗങ്ങളായ ജെയ്സൻ പാറേക്കാടൻ, എം ആർ ഷാജു, ബൈജു കുറ്റിക്കാടൻ എന്നിവർ പറഞ്ഞു. നവംബർ 25 ന് വിളിച്ച ടെണ്ടർ സിംഗിൾ ടെണ്ടർ ആണെങ്കിലും ചിറ കെട്ടുന്ന പ്രവ്യത്തി ചെയ്യുമെന്ന ചെയർപേഴ്സന്റെ ഉറപ്പിലാണ് ഒരു മണിക്കൂർ നീണ്ടു നിന്ന ചർച്ചക്കും വാക്കുതർക്കങ്ങൾക്കും തിരശ്ശീല വീണത്.
ഇരിങ്ങാലക്കുടയിൽ നടക്കുന്ന റവന്യൂ കലോൽസവത്തിനായി ടൗൺ ഹാളും മൈതാനവും സൗജന്യമായി അനുവദിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. അംഗങ്ങളായ അംബിക പള്ളിപ്പുറത്ത്, അൽഫോൺസ തോമസ്, ടി കെ ജയാനന്ദൻ ,കെ പ്രവീൺ, രാജി കൃഷ്ണകുമാർ , ആർച്ച അനീഷ് എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.