യുവാവിനെ ബോംബെറിഞ്ഞു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി കഞ്ചാവു പൊതികളുമായി പിടിയിൽ; പിടിയിലായത് ഇരുപത്തിമൂന്നോളം കേസുകളിലെ പ്രതി …

യുവാവിനെ ബോംബെറിഞ്ഞു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി കഞ്ചാവു പൊതികളുമായി പിടിയിൽ;
പിടിയിലായത് ഇരുപത്തിമൂന്നോളം കേസുകളിലെ പ്രതി …

ചാലക്കുടി: ലഹരിക്കെതിരായി നടക്കുന്ന പ്രത്യേക പോരാട്ടത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ദോങ്ഗ്രേ ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ്, ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വിൽപനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവു പൊതികളുമായി കുപ്രസിദ്ധ ക്രിമിനൽ പിടിയിലായി.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പോട്ട പനമ്പിള്ളി കോളേജിന് സമീപത്ത് താമസിക്കുന്നയാളുമായ വെട്ടുക്കൽ വീട്ടിൽ ഷൈജു (32 വയസ്) വാണ് പിടിയിലായത്. മൂന്ന് വർഷം മുൻപ് പോട്ടയിൽ ക്ഷേത്രോത്സവത്തിനിടയിൽ സംഘർഷമുണ്ടായതിന്റെ വൈരാഗ്യത്തിൽ ഒരു യുവാവിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചതിലും മലപ്പുറം ജില്ലയിൽ അരങ്ങേറിയ നിരവധി ഹൈവേ കേന്ദ്രീകരിച്ചുള്ള കൊള്ളയടിക്കേസുകളിലുമടക്കം ഇരുപത്തിമൂന്നോളം കേസുകളിൽ പ്രതിയാണ് ഇയാൾ.

പോട്ട, പനമ്പിള്ളി കോളേജ് പരിസരം, മേച്ചിറ, നായരങ്ങാടി മുതലായ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും വ്യാപകമായി മയക്കുമരുന്നും മറ്റും ലഭ്യമാകുന്നുവെന്ന് ജില്ലാ പോലീസ് മേധാവി ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആഴ്ചകളായി ഷാഡോ പോലീസ് സംഘം ഈ പ്രദേശങ്ങളിൽ കർശന നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനെ തുടർന്ന് ഈ പ്രദേശത്തെ മുഖ്യ ലഹരി മരുന്ന് വിൽപനക്കാരെ ലക്ഷ്യമിട്ട് നടത്തിയ പരിശോധനയാണ് കഞ്ചാവ് പൊതികളുമായി വന്ന ഷൈജുവിനെപിടികൂടിയത്. ഇയാളെ പോലീസ് പിടികൂടിയതറിയാതെ നിരവധി യുവാക്കളും വിദ്യാർത്ഥികളുമാണ് ഇയാളുടെ ഫോണിലേക്ക് കഞ്ചാവ് ആവശ്യപെട്ട് വിളിച്ചും നേരിട്ടുമെത്തിയത്.
കഞ്ചാവ് പിടികൂടിയ സംഘത്തിൽ ചാലക്കുടി സബ് ഇൻസ്പെക്ടർ സിദ്ധിഖ് അബ്ദുൾ ഖാദർ, ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനു മോൻ തച്ചേത്ത്, ജോബ് സി.എ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ്, ചാലക്കുടി സ്റ്റേഷനിലെ അഡീഷണൽ എസ് ഐ പ്രതാപൻ, എഎസ്ഐ ഷിബു സി.പി, സീനിയർ സിപിഒമാരായ സിനിമോൾ പൗലോസ്, ബൈജു കെ.കെ. ജിബി ടി.സി, പ്രശാന്ത് എം.പി, ജസ്ലിൻ തോമസ്, സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐ ബിജു ഒ.എച്ച് എന്നിവരും ഉണ്ടായിരുന്നു.

പിടിയിലായ ഷൈജു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി വിചാരണ നേരിടുന്നയാളായതിനാൽ ഇയാളുടെ ജാമ്യമടക്കം റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു. ഷൈജുവിനെ വൈദ്യ പരിശോധനയും മറ്റും പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.

Please follow and like us: