മാടായിക്കോണത്ത് അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിഞ്ഞിരുന്ന കുടുംബത്തിന് സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ വീട് ഒരുങ്ങുന്നു; ഭവനരഹിതർക്ക് വീടുകൾ നിർമ്മിച്ച് നല്കാൻ സർക്കാരും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും കൈകോർക്കണമെന്ന് മന്ത്രി ഡോ ആർ ബിന്ദു….
ഇരിങ്ങാലക്കുട: അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയുന്ന 19 കാരിയായ മാടായിക്കോണം ആലുങ്ങപ്പറമ്പിൽ ആതിരക്കും രോഗബാധിതയായ അമ്മ രമയ്ക്കും വീടൊരുങ്ങുന്നു. പോളിടെക്നിക്ക് വനിതാ വിഭാഗത്തിൽ റാങ്ക് നേടിയ ആതിരയും അമ്മയും നിലംപൊത്താറായ വീട്ടിലാണ് കഴിഞ്ഞിരുന്നത്. സർക്കാർ നല്കുന്ന ക്ഷേമ പെൻഷൻ മാത്രമാണ് കുടുംബത്തിന്റെ വരുമാനം.അർഹരായ ഒരു കുടുംബത്തിന് ഓരോ ലോക്കൽ കമ്മിറ്റിയും വീട് നിർമ്മിച്ച് നല്കണമെന്ന സംസ്ഥാന സമ്മേളനത്തിന്റെ തീരുമാനമനുസരിച്ചാണ് സി.പി.ഐ(എം) പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി വീട് നിർമ്മാണം ഏറ്റെടുത്തത്. 11 ലക്ഷം രൂപ ചിലവിൽ 847 ചതുരശ്ര അടിയിൽ നിർമ്മിച്ച് നൽകുന്ന ‘ആതിരക്കൊരു സ്നേഹവീടി’ന്റെ കട്ട്ള സ്ഥാപിക്കൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ.ബിന്ദു നിർവ്വഹിച്ചു.സർക്കാരും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും കൈകോർത്താൽ കേരളത്തിലെ മുഴുവൻ ഭവന രഹിതർക്കും വീടുകൾ നിർമ്മിച്ച് നല്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയിൽ സംസ്ഥാനത്ത് ഇതിനകം മൂന്നേകാൽ ലക്ഷം കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നല്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
സി.പി.ഐ(എം) പൊറത്തിശ്ശേരി ലോക്കൽ സെക്രട്ടറി ആർ.എൽ.ജീവൻലാൽ അദ്ധ്യക്ഷ വഹിച്ചു. സി.പി.ഐ(എം) ഏരിയ സെക്രട്ടറി വി.എ.മനോജ് കുമാർ മുഖ്യാതിഥി ആയിരുന്നു. രണ്ട് നിലകളിലായുള്ള
ഭവനത്തിന്റെ നിർമ്മാണത്തിനായി അരലക്ഷം രൂപയുടെ സിമന്റ് സംഭാവന ചെയ്ത റിട്ട:തഹസിൽദാർ ഇ.കെ.ഷഹീറിനും ഭാര്യ സഹീറ ഷഹീർ,
1500 സിമൻറ് കട്ടകൾ സംഭാവനയായി നൽകിയ എടക്കുളം എസ്എൻജി യു.പി സ്കൂളിലെ പ്രധാന അധ്യാപികയായ ദീപ ആന്റണി, സ്നേഹ വീടിന്റെ മുൻവശത്തെ കട്ട്ളയും വാതിലും നിർമ്മിച്ച് നൽകിയ മാടായിക്കോണം സ്വദേശി വടേക്കാട്ടിൽ അജയഘോഷ് എന്നിവരെ ഭവന നിർമ്മാണ കമ്മിറ്റി അഭിനന്ദിച്ചു .ഭവന നിർമ്മാണ കമ്മിറ്റിയുടെ കോ-ഓഡിനേറ്റർമരായ കെ.കെ.ദാസൻ സ്വാഗതവും, എം.എസ്.സുജയ് നന്ദിയും പറഞ്ഞു.
സി.പി.ഐ(എം) ഏരിയ കമ്മിറ്റി അംഗം എം.ബി.രാജുമാസ്റ്റർ,, ലോക്കൽ കമ്മിറ്റി അംഗം കെ.ജെ.ജോൺസൺ, നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ അംബിക പള്ളിപ്പുറത്ത്, സി.സി.ഷിബിൻ, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.