സർക്കാരിന്റെ മദ്യനയം ; നിശിതവിമർശനവുമായി ഇരിങ്ങാലക്കുട രൂപത;സർക്കാറിന്റേത് ഇരട്ടത്താപ്പെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ….

സർക്കാരിന്റെ മദ്യനയം ; നിശിതവിമർശനവുമായി ഇരിങ്ങാലക്കുട രൂപത;സർക്കാറിന്റേത് ഇരട്ടത്താപ്പെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ….

ഇരിങ്ങാലക്കുട : മദ്യത്തെ മാന്യവല്‍ക്കരിക്കുകയും വാണിജ്യവല്‍ക്കരിക്കുകയും അതേസമയം ലഹരിമരുന്നിനെതിരെ പ്രതിരോധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ നിശിത വിമര്‍ശനവുമായി ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപതയുടെ 16-ാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രഥമ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലഹരിക്കെതിരെയുള്ള സര്‍ക്കാരിന്റെ പ്രചാരണങ്ങളില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇപ്പോള്‍ തുടരുന്ന മദ്യനയം തിരുത്തണം. നാടുമുടിച്ചാലും മദ്യഷാപ്പുകള്‍ തുറന്നുകൊണ്ടേയിരിക്കും എന്നതാണ് സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയം. ഇതിന്റെ ഭാഗമായി സര്‍വ നിയമങ്ങളും കാറ്റില്‍ പറത്തുകയാണ് സര്‍ക്കാര്‍.

മദ്യശാലകള്‍ അനുവദിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ടായ അധികാരം എടുത്തുകളഞ്ഞതും തുറക്കുന്നതിനു നിലവിലുണ്ടായിരുന്ന ദൂരപരിധി 50 മീറ്ററായി ചുരുക്കിയതും നാട്ടിലെങ്ങും മദ്യം സുലഭമായും എളുപ്പത്തിലും ലഭിക്കാന്‍ വേണ്ടിയാണ്. ഇങ്ങനെ മദ്യം കുടിച്ചുശീലിച്ചവര്‍ കൂടുതല്‍ ലഹരി കിട്ടുന്ന മയക്കുമരുന്നിലേക്ക് വഴിമാറുന്നതില്‍ സംശയമില്ല. സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ ജനവിരുദ്ധ മദ്യനയം ഉടന്‍ തിരുത്തണം. അല്ലെങ്കില്‍ ലഹരിക്കെതിരായ പ്രചാരണവും വിവിധ തലങ്ങളില്‍ കൊട്ടിഘോഷിക്കുന്ന പരിപാടികളും വെറും പ്രഹസനമായേ കാണാനാവൂ. വ്യാപകമായിക്കൊണ്ടിരിക്കുന്ന മദ്യത്തിനും അതിഭീകരമായ തോതില്‍ വര്‍ധിച്ചിരിക്കുന്ന ലഹരിമരുന്നിനും എതിരെ വിശ്വാസി സമൂഹം നിരന്തര ജാഗ്രത പുലര്‍ത്തണമെന്ന് – ബിഷപ്പ് പറഞ്ഞു.

 

അടുത്ത മൂന്നു വര്‍ഷത്തെ ഭാരവാഹികളായി ഫാ. ലാസര്‍ കുറ്റിക്കാടന്‍ (ജനറല്‍ സെക്രട്ടറി), ഡേവിസ് ഊക്കന്‍, ആനി ആന്റോ (സെക്രട്ടറിമാര്‍) എന്നിവരെയും വിവിധ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

വികാരി ജനറല്‍ മോണ്‍. ജോയ് പാല്യേക്കര ആമുഖ പ്രഭാഷണം നടത്തി. വികാരി ജനറല്‍മാരായ മോണ്‍. ജോസ് മഞ്ഞളി, മോണ്‍. ജോസ് മാളിയേക്കല്‍, ചാന്‍സലര്‍ റവ. ഡോ. നെവിന്‍ ആട്ടോക്കാരന്‍, ഫാ. ലാസര്‍ കുറ്റിക്കാടന്‍, ടെല്‍സന്‍ കോട്ടോളി എന്നിവര്‍ പ്രസംഗിച്ചു.

Please follow and like us: