കൂരിക്കുഴി വെളിച്ചപ്പാട് കൊലപാതക കേസിലെ പ്രതി പതിനഞ്ച് വർഷങ്ങൾക്ക് ശേഷം പിടിയിൽ

കൂരിക്കുഴി വെളിച്ചപ്പാട് കൊലപാതക കേസിലെ പ്രതി പതിനഞ്ച്
വർഷങ്ങൾക്ക് ശേഷം പിടിയിൽ

കയ്പമംഗലം: 2007 ൽ കൂരിക്കുഴി കോഴിപറമ്പിൽ അമ്പലത്തിലെ
വെളിച്ചപാടായിരുന്ന
ഷൈനിനെ അമ്പലത്തിനകത്ത് വച്ച്
അതിദാരുണമായി വെട്ടി കൊലപ്പെടുത്തിയ കേസിൽ 15 വർഷമായി
പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി ഗണപതി
എന്നും അപ്പനെന്നും വിളിക്കുന്ന കൂരിക്കുഴി ചാച്ചാമരം കിഴക്കേ വീട്ടിൽ വിജീഷ് (38)എന്നയാളെ തൃശൂർ റൂറൽ ജില്ലാപോലീസ് മേധാവി ഐശ്വര്യ ഡോംഗ്രെയുടെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരന്റെ
കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം മാസങ്ങൾ നീണ്ടുനിന്ന
അന്വേഷണത്തിലൂടെ പിടികൂടി. സലീഷ് എൻ ശങ്കരൻ മതിലകം സബ്
ഇൻസ്പെക്ടറായിരുന്ന കാലത്ത് കൂരിക്കുഴി കോഴിപറമ്പിൽ അമ്പലത്തിലെ
ഉത്സവത്തിനിടെ വെളിച്ചപ്പാടായ ഷൈനിനെ അതിദാരുണമായി വെട്ടി
കൊലപ്പെടുത്തിയ കൊലപാതകത്തിലെ അഞ്ച് പ്രതികളെയും പിടി കൂടിയിരുന്നു.
ഡിവൈഎസ്പി ആയി ചാർജെടുത്ത ശേഷം ഉടനെ തന്നെ പ്രസ്തുത കേസിലെ ഈ
പ്രതിയെ കുറിച്ച് അന്വേഷണം നടത്തുന്നതിന് തന്റെ ക്രൈം സ്ക്വാഡ്
അംഗങ്ങളായ എസ്.ഐ. സുനിൽ പി സി , എസ്.ഐ. മുഹമ്മദ് റാഫി, ഉദ്യോഗസ്ഥരായ സി ആർ പ്രദീപ്, സി കെ ബിജു, എ ബി നിഷാന്ത്
എന്നിവരെ
നിയമിക്കുകയായിരുന്നു. 2007 വർഷത്തിൽ കോഴിപറമ്പ് അമ്പലത്തിലെ
ഉത്സവ ദിവസം വൈകീട്ടോടെയാണ് ചാമക്കാല കൂരിക്കുഴി ഭാഗങ്ങളിലെ
സ്ഥിരം അക്രമി സംഘങ്ങളായ പ്രതികൾ ഒരു പ്രകോപനവും കൂടാതെ
അമ്പലത്തിനകത്ത് കയറി അമ്പലത്തിലെ വെളിച്ചപ്പാടായിരുന്ന ഷൈൻ
എന്ന യുവാവിനെ വെട്ടി കൊലപ്പെടുത്തിയത്. ഇതിലെ മറ്റു പ്രതികളെല്ലാം
ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ്. സംഭവത്തിന് ശേഷം പ്രതി
വിജീഷ് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട് ഒളിവിൽ പോവുകയാണ്
ഉണ്ടായത്. പ്രതിയുടെ കുടുംബാംഗങ്ങളുമായോ കൂട്ടുകാരുമായോ യാതൊരു
വിധ ബന്ധവും പുലർത്താതെ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. പ്രതി
മത്സ്യ തൊഴിലാളിയായി കേരളത്തിലെ തീരദേശത്തെവിടെയോ ഒളിവിൽ
കഴിഞ്ഞു വരുന്ന വിവരം മാസങ്ങൾക്കു മുമ്പ് ലഭിച്ച ശേഷം കേരളത്തിലുടനീളമുള്ള മത്സ്യ ബന്ധന തുറമുഖങ്ങളിൽ അതീവ രഹസ്യമായി
പ്രത്യേക അന്വേഷണ സംഘം
മത്സ്യ ബന്ധന തുറമുഖങ്ങളിലെ
ബോട്ടുടമകളോടും, മത്സ്യ വ്യാപാരികളോടും അന്വേഷിച്ച് വരികയായിരുന്നു.
ഈ അന്വേഷണത്തിനൊടുവിലാണ് കാസർഗോഡ് ജില്ലയിലെ കീഴൂർ,
ബേക്കൽ, കണ്ണൂരുള്ള ആയിക്കര എന്നീ തുറമുഖങ്ങളിൽ പ്രതിയെ
കണ്ടതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറുമാസങ്ങൾക്ക്
മുമ്പ് ആഴ്ചകളോളം മത്സ്യ തൊഴിലാളികളുടെ വേഷത്തിൽ പ്രത്യേക
അന്വേഷണ സംഘം വേഷ പ്രച്ഛന്നരായി കഴിഞ്ഞിരുന്നു. തുടർന്ന് ലഭിച്ച
വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അതി വിദഗ്ദമായി പ്രതിയെ പിടി
കൂടിയത്. പ്രതി ബേക്കൽ കടപ്പുറത്ത് വിവാഹം കഴിച്ച് രഹസ്യമായി
അപ്പൻ വിജീഷ് എന്ന പേരിൽ കഴിഞ്ഞു വരികയായിരുന്നു.
സംഭവത്തിന് ശേഷം പോലീസ് പിടിക്കുമെന്ന ഘട്ടത്തിൽ ബാംഗ്ളൂരിൽ
ഒന്നാം പ്രതിയുടെ സഹോദരന്റെ സഹായത്താൽ ബേക്കറിയിൽ ഒളിവിൽ
താമസിക്കുകയും കിട്ടുന്ന ശമ്പളമെല്ലാം ഒന്നാം പ്രതിയുടെ ബന്ധുക്കൾ
ഭീഷണിപ്പെടുത്തി വാങ്ങി കൊണ്ടു പോയതിനാൽ പ്രതി അവിടെ നിന്ന്
രക്ഷപ്പെട്ട് കാസർഗോഡ് ജില്ലയിലെ കീഴൂർ മത്സ്യ ബന്ധന
തുറമുഖത്തെത്തി അപ്പൻ എന്ന പേരിൽ മത്സ്യ തൊഴിലാളിയായി ജോലി
ചെയ്ത് വരികയായിരുന്നു. തുടർന്ന് ബേക്കൽ തുറമുഖത്തെത്തി അവിടെ
മത്സ്യബന്ധനത്തിന് പോകുകയും അനാഥനെന്ന് തെറ്റിദ്ധരിപ്പിച്ച് അവിടെ
നിന്ന് വിവാഹം കഴിച്ച് താമസിച്ച് വരികയായിരുന്നു. തുടർന്ന് ബേക്കൽ
തുറമുഖത്ത് ജോലി കുറഞ്ഞ സമയം കണ്ണൂർ ആയിക്കര ഹാർബറിൽ
വള്ളത്തിൽ ആഴ്ചകളോളം കടലിൽ തങ്ങി ജോലി ചെയ്ത് വരികയായിരുന്നു.
അന്വേഷണ സംഘം സ്ഥലത്തെത്തിയ സമയം പ്രതി കടലിലായിരുന്നു.
പിന്നീട് കരയിലെത്തിയ സമയം ആസൂത്രിതമായ നീക്കത്തിലൂടെ പിടി
കൂടുകയായിരുന്നു. പ്രതി ഗണപതി എന്ന വിജീഷ് കൈപ്പമംഗലം പോലീസ്
സ്റ്റേഷനിലെ റൗഡിയും നിരവധി കേസുകളിലെ പ്രതിയുമാണ്. കോടതിയിൽ
ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ്
ചെയ്തു.

Please follow and like us: