പന്ത്രണ്ട് ലക്ഷം രൂപ ചിലവിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിനെ ചൊല്ലി മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ വിമർശനം ; നിർമ്മാണ ചിലവുകൾ വിശദീകരിച്ച് അധികൃതർ ; കൂത്തുമാക്കലിൽ രണ്ട് ഷട്ടറുകൾ ഒരാഴ്ചക്കാലം തുറന്നിടണമെന്ന് ആവശ്യപ്പെട്ട് പടിയൂർ പഞ്ചായത്ത് …
ഇരിങ്ങാലക്കുട : പന്ത്രണ്ട് ലക്ഷം രൂപ ചിലവിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിനെ സംബന്ധിച്ച് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ വിമർശനം. ലൈഫ് പദ്ധതിയിൽ ഭവനങ്ങൾ നിർമ്മിക്കാൻ നാല് ലക്ഷം രൂപ മാത്രം ചിലവഴിക്കുമ്പോൾ താലൂക്ക് ആശുപത്രിക്ക് മുമ്പിൽ കാത്തിരുപ്പ് കേന്ദ്രം നിർമ്മിക്കാൻ പന്ത്രണ്ട് ലക്ഷം രൂപ ചിലവഴിക്കുന്നതിൽ അപാകത ഉണ്ടെന്നും ഇക്കാര്യത്തെക്കുറിച്ച് ബന്ധപ്പെട്ടവർ വിശദീകരിക്കണമെന്നും യോഗത്തിൽ മുസ്ലീം ലീഗ് പ്രതിനിധി കെ എ റിയാസുദ്ദീൻ ആ വശ്യപ്പെട്ടു. എട്ട് മീറ്റർ നീളത്തിലും രണ്ടര മീറ്റർ വീതിയിലും 250 ചതുരശ്ര അടിയിലാണ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതെന്നും ഇതിനോട് ചേർന്നുള്ള കാന പൊളിച്ച് പണിയാൻ ഒന്നര ലക്ഷവും രണ്ടേകാൽ ലക്ഷം വൈദ്യുതീകരണ പ്രവ്യത്തികൾക്കും രണ്ട് ലക്ഷം രൂപ ജിഎസ്ടി ആയും ചിലവഴിക്കുകയാണെന്നും ആറ് ലക്ഷം രൂപ മാത്രമേ കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണത്തിന് ചിലവഴിക്കുന്നുള്ളുവെന്നും യോഗത്തിൽ പിഡബ്ല്യു അധികൃതർ വിശദീകരിച്ചു.
പടിയൂർ പഞ്ചായത്തിലെ കാക്കാത്തുരുത്തി, മേനാലി പ്രദേശങ്ങളിലെ ഇരുപതോളം വീടുകളിൽ വെള്ളക്കെട്ട് തുടരുകയാണെന്നും തങ്ങളുടെ ആവശ്യപ്രകാരം തുറന്ന കൂത്തുമാക്കലിലെ രണ്ട് ഷട്ടറുകൾ ഉടൻ അടച്ചുവെന്നും വെള്ളക്കെട്ട് തുടരുകയാണെന്നും പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ പറഞ്ഞു. രണ്ട് ഷട്ടറുകൾ ഒരാഴ്ച എങ്കിലും തുറക്കണമെന്നും ഇക്കാര്യത്തിൽ കർഷകർക്ക് പരാതിയില്ലെന്നും പ്രസിഡണ്ട് പറഞ്ഞു.
ഒക്ടോബർ മാസത്തിൽ 115 പുതിയ റേഷൻ കാർഡുകൾ നല്കിയെന്നും അതിദരിദ്രവിഭാഗത്തിൽ 24 പേർക്കും കൊടുത്തതായും അനഹർമായി കാർഡുകൾ കൈവശം വച്ചവരിൽ നിന്നായി 2.73 ലക്ഷം രൂപ പിഴ ഈടാക്കിയതായും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു പൊതുവിപണിയിലെ വിലക്കയറ്റം തടയാൻ കളക്ടറുടെ നിർദ്ദേശപ്രകാരം പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പത്തോളം പൊതുവിതരണ കേന്ദ്രങ്ങളിലും പൊതുവിപണിയിലെ 36 സ്ഥാപനങ്ങളിലും മാർക്കറ്റിലെ 30 സ്ഥാപനങ്ങളിലും പരിശോധനകൾ നടത്തിയതായും സപ്ലൈ ഓഫീസർ അറിയിച്ചു.
അക്ഷയകേന്ദ്രങ്ങളിൽ വിവിധ സേവനങ്ങൾക്ക് അമിത ഫീസ് ഈടാക്കുന്നതായി യോഗത്തിൽ പരാതി ഉയർന്നു. മയക്കുമരുന്നിന്റെ സ്വാധീനം വർധിച്ച് വരികയാണെന്നും ചില കോളേജ് ക്യാമ്പസുകളിൽ ലഹരി തെരുവുകൾ പ്രവർത്തിക്കുന്നുണ്ടെന്നും എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ കൂടുതൽ കർശനമാക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
ഇരിങ്ങാലക്കുട – കരുവന്നൂർ റോഡിൽ നടക്കുന്ന നിർമ്മാണ പ്രവ്യത്തികളുമായി ബന്ധപ്പെട്ട് കെഎസ്ടിപി ക്ക് അയച്ച കത്ത് മടങ്ങിയതായി യോഗത്തിൽ തഹസിൽദാർ അറിയിച്ചു. കാട്ടൂർ പഞ്ചായത്തിൽ പൊഞ്ഞനം ഭാഗത്തെ പൈപ്പ് ലൈൻ ചോർച്ച പ്രശ്നം പരിഹരിച്ച് റോഡ് കോൺ ക്രീറ്റ് ചെയ്തതായി ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
യോഗത്തിൽ നഗരസഭ വൈസ് -ചെയർമാൻ ടി വി ചാർലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ലളിത ബാലൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസ് ജെ ചിറ്റിലപ്പിള്ളി, സീമ പ്രേംരാജ് , വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തഹസിൽദാർ കെ ശാന്തകുമാരി സ്വാഗതം പറഞ്ഞു.