മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും വിപണനവും ലക്ഷ്യമിട്ട് കാർഷിക മിഷന് രൂപം നല്കിയതായി മന്ത്രി പി പ്രസാദ്; 2206 കോടി രൂപ മിഷൻ വഴി ചിലവഴിക്കുമെന്നും പ്രഖ്യാപനം ….
ഇരിങ്ങാലക്കുട: മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും വിപണനവും ലക്ഷ്യമിട്ട് മൂല്യവർധിത കാർഷിക മിഷന് രൂപം നല്കി കഴിഞ്ഞതായും ലോക ബാങ്കിൽ നിന്നുള്ള സഹായം അടക്കം 2206 കോടി രൂപ ലക്ഷ്യങ്ങൾ കൈവരിക്കാൻ ചിലവഴിക്കുമെന്നും കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് . മുഖ്യമന്ത്രി ചെയർമാനായും ഒൻപത് മന്ത്രിമാർ അംഗങ്ങളായും ഉള്ള മീഷനിലൂടെ കർഷകർക്ക് വിവിധ വകുപ്പുകളുടെ സേവനങ്ങൾ കാലതാമസമില്ലാതെ നല്കാനാണ് ലക്ഷ്യമിടുന്നത്. വിഎഫ്പിസികെ കരുവന്നൂർ സ്വാശ്രയ കർഷകസമിതിയുടെ മന്ദിരോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാലാവസ്ഥ വ്യതിയാനം അടക്കമുള്ള കാരണങ്ങൾ മൂലം ഭാവിയിൽ ഉണ്ടായേക്കാവുന്ന കാർഷിക , ഭക്ഷ്യ പ്രതിസന്ധി നേരിടാൻ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനമാണ് പരിഹാരമായിട്ടുള്ളത് . ഒരു കൃഷി ഭവന്റെ കീഴിൽ ഒരു മൂല്യവർധിത ഉൽപ്പന്നമെങ്കിലും ഉണ്ടാക്കാൻ കഴിയണമെന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷയായിരുന്നു.ഇരിങ്ങാലക്കുട ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഷെയർ വിതരണ ഉദ്ഘാടനവും മന്ത്രി പി പ്രസാദ് നിർവഹിച്ചു. വിഎഫ്പിസികെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വി ശിവരാമകൃഷ്ണൻ , നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി , വാർഡ് കൗൺസിലർ കെ പ്രവീൺ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, കർഷക സമിതി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. സമിതി പ്രസിഡണ്ട് കെ സി ജെയിംസ് സ്വാഗതവും വിഎഫ്പിസികെ ജില്ലാ മാനേജർ ജഹാംഗീർ കാസിം നന്ദിയും പറഞ്ഞു.