ലീവ് സറണ്ടറിന്റെ പേരിൽ സമരം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയിലെ ശുചീകരണതൊഴിലാളികളെ സെക്രട്ടറി അവഹേളിച്ചുവെന്ന ആരോപണവുമായി പ്രതിപക്ഷം; ആരോപണം കളവാണെന്നും അച്ചടക്ക ലംഘനം നടത്തിയ മൂന്ന് പേർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുക മാത്രമാണ് ചെയ്തെന്ന വിശദീകരണവുമായി സെക്രട്ടറിയും ..
ഇരിങ്ങാലക്കുട : ലീവ് സറണ്ടറിന്റെ പേരിൽ സമരം ചെയ്ത ശുചീകരണതൊഴിലാളികളുടെ പേരിൽ കൗൺസിലിൽ ഉണ്ടാക്കിയ ധാരണ ലംഘിച്ച് നഗരസഭ സെക്രട്ടറി നടപടിയ്ക്ക് ഒരുങ്ങുകയാണെന്ന വിമർശനവുമായി എൽഡിഎഫ്. നിശ്ചിത അജണ്ടകൾക്ക് ശേഷം എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയയാണ് വിഷയം കൗൺസിലിൽ ഉന്നയിച്ചത്. ഈ വർഷം എപ്രിൽ 12 രാവിലെ 7 മണിയോടെയാണ് ശുചീകരണ തൊഴിലാളികൾ കുറച്ച് നേരത്തേക്ക് പണിമുടക്കിയത്. ഇതിന്റെ പേരിൽ ജീവനക്കാർക്ക് മെമ്മോ നല്കിയിരുന്നു. ഇവർക്ക് എതിരെയുളള നടപടികൾ അവസാനിപ്പിച്ചതായി കൗൺസിലിൽ ചെയർപേഴ്സൺ ഉറപ്പ് നല്കിയിരുന്നു. എന്നാൽ ഇത് ലംഘിച്ച് സെക്രട്ടറി ഇവരോട് എകാധിപത്യപരമായി പെരുമാറിയെന്നും സെക്രട്ടറിക്ക് എതിരെ നടപടി എടുക്കണമെന്നും കെ ആർ വിജയ ആവശ്യപ്പെട്ടു. ജീവനക്കാരുടെ തൊഴിൽ ഇല്ലാതാക്കുമെന്ന് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും മൊബൈൽ ഫോണുകൾ മേശപ്പുറത്ത് വയ്പ്പിച്ചുവെന്നും എൽഡിഎഫ് അംഗം അൽഫോൺസ തോമസും പത്ത് മിനിറ്റ് നേരത്തേക്ക് മാത്രമാണ് ജീവനക്കാർ പണിമുടക്കിയതെന്നും രാജഭരണക്കാലത്തെ അനുസ്മരിക്കുന്ന ശൈലിയിലാണ് സെക്രട്ടറി ജീവനക്കാരോട് പെരുമാറിയതെന്നും സി സി ഷിബിനും കുറ്റപ്പെടുത്തി. മേലിൽ ആവർത്തിക്കരുതെന്ന ഉറപ്പിൽ സമരക്കാർക്കെതിരെയുള്ള നടപടികൾ നിറുത്തി വച്ചതാണെന്നും എന്നാൽ തന്നോട് സംസാരിക്കാതെ സെക്രട്ടറി രഹസ്യമായി ജീവനക്കാരെ വിളിച്ച് വരുത്തിയെന്നും അവഹേളനപരമായി പെരുമാറിയെന്ന് കേട്ടപ്പോൾ വിഷമം തോന്നിയെന്നും ചെയർപേഴ്സൺ പറഞ്ഞു. എന്നാൽ എൽഡിഎഫ് കൗൺസിലർമാരെ സമരക്കാർ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും പണിമുടക്കിയ 24 പേരിൽ 21 പേർക്ക് എതിരെയുള്ള നടപടികൾ അവസാനിപ്പിച്ചതാണെന്നും എ സി കുമാരൻ , പി വി ബൈജു , പി കെ സുരേഷ് എന്നീ മൂന്ന് പേരുടെ വിശദീകരണം തൃപ്തികരമല്ലെന്നും സമരത്തെ ന്യായീകരിക്കുന്ന വിധത്തിലാണ് സംസാരിച്ചതെന്നും ഹെൽത്ത് സൂപ്രവൈസർ റിപ്പോർട്ട് ചെയ്തത് പ്രകാരം ഗുരുതരമായ അച്ചടക്ക ലംഘനമാണ് ഇവർ നടത്തിയിരുക്കുന്നതെന്നും നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരങ്ങൾ ആവർത്തിക്കുമെന്നും ഉചിതമായ നടപടികൾ സ്വീകരിക്കാൻ കൗൺസിലിനോട് ആവശ്യപ്പെടുകയാണ് ചെയ്തിട്ടുള്ളതെന്നും സെക്രട്ടറി വിശദീകരിച്ചു. ഒരാളുടെ പേരിലും സസ്പെൻഷനോ സർവീസ് ബുക്കിൽ രേഖപ്പെടുത്തുന്ന നടപടിയോ താൻ സ്വീകരിച്ചിട്ടില്ല. ഇത് സംബന്ധിച്ച ഫയൽ മൂന്ന് മാസം എവിടെയായിരുന്നുവെന്ന് അറിയില്ല. ഹിയറിംഗ് നടപടികൾ ചെയർപേഴ്സനെ അറിയിക്കേണ്ട കാര്യമില്ലെന്നും മാപ്പ് പറയിക്കാനും കൈകൂപ്പാനും താൻ പറഞ്ഞുവെന്നത് കളവാണെന്നും സമരത്തെ ക്കുറിച്ച് ആരും നേരത്തെ ധരിപ്പിച്ചിരുന്നില്ലെന്നും സെക്രട്ടറി പറഞ്ഞു. നോട്ടീസ് നല്കാതെയാണ് ജീവനക്കാർ സമരം നടത്തിയതെന്ന് ബിജെപി അംഗം ടി കെ ഷാജു പറഞ്ഞു. നടപടികൾ അവസാനിപ്പിച്ച് രമ്യതയിൽ പോകാൻ എല്ലാവരും ശ്രമിക്കണമെന്ന് എൽഡിഎഫ് അംഗം അംബിക പള്ളിപ്പുറത്ത് ആവശ്യപ്പെട്ടു.
കെ ഫോൺ പദ്ധതിക്കായുള്ള നഗരസഭ പരിധിയിൽ നിന്നുള്ള 25 ഗുണഭോക്താക്കളുടെ പട്ടിക യോഗം അംഗീകരിച്ചു. യോഗത്തിൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.