ചരിത്ര സെമിനാറും ചരിത്ര ക്വിസ്സുമായി ശ്രീകൂടൽമാണിക്യം ക്ഷേത്രം മ്യൂസിയം ആന്റ് ആർക്കൈവ്സ് രണ്ടാം വാർഷികം നവംബർ 5, 6 തീയതികളിൽ …
ഇരിങ്ങാലക്കുട : നവംബർ 5, 6 തീയതികളിലായി നടക്കുന്ന ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആന്റ് ആർക്കൈവ്സിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ചരിത്ര സെമിനാറും ചരിത്ര ക്വിസ്സും സംഘടിപ്പിക്കുന്നു. കൂടൽമാണിക്യ ക്ഷേത്രവും ഇരിങ്ങാലക്കുടയും , അതിന്റെ സാമൂഹിക സാംസ്കാരിക ചരിത്രം, വർത്തമാനകാല പ്രസക്തി എന്നിവയെ അടിസ്ഥാനമാക്കിയാണ് സെമിനറും ക്വിസ് മൽസര ചോദ്യാവലിയും തയ്യാറാക്കുന്നുന്നത്. 5 ന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പരിപാടികൾ ഉദ്ഘാടനം ചെയ്യുമെന്ന് ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പത്രസമ്മേളനത്തിൽ അറിയിച്ചു. മ്യൂസിയവും ആർക്കൈവ്സും ജനങ്ങൾക്ക് തുറന്ന് നല്കുന്നതിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി അഡ്വ കെ രാജൻ നിർവഹിക്കും. സെമിനാറിൽ കെ സച്ചിദാനന്ദൻ ,ഡോ രാജൻ ഗുരുക്കൾ, ഡോ. എം ആർ രാഘവവാരിയർ , ഡോ. വെളുത്താട്ട് കേശവൻ, ഡോ. സുനിൽ പി ഇളയിടം , ഡോ രാജാ ഹരിപ്രസാദ്, ഡോ ആർ രാമൻനായർ ,രേണു രാമനാഥ് എന്നിവർ പേപ്പറുകൾ അവതരിപ്പിക്കും. ഗവേഷണ വിദ്യാർഥികളും ബിരുദ -ബിരുദാനന്തര വിദ്യാർഥികൾ അടക്കം 150 വിദ്യാർഥികൾ സെമിനാറിൽ പങ്കെടുക്കും. 6 ന് വൈകീട്ട് 3 ന് നടക്കുന്ന സമാപന സമ്മേളനം ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ഐഎഎസ് ഉദ്ഘാടനം ചെയ്യും. പഴയ മണിമാളിക കെട്ടിടം നിന്നിരുന്ന സ്ഥലത്ത് പ്രത്യേക സജ്ജമാക്കിയ പന്തലിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ആർക്കൈവ്സ് ഉപദേശക സമിതി അംഗങ്ങളായ അശോകൻ ചരുവിൽ, ഡോ. ടി കെ നാരായണൻ, ആർക്കൈവ്സ് ഡയറക്ടർ ഡോ കെ രാജേന്ദ്രൻ , ഭരണ സമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ , അഡ്വ കെ ജി അജയ് കുമാർ , അഡ്മിനിസ്ട്രേറ്റർ ഷിജിത്ത് കെ ജെ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.