കൂത്തുമാക്കൽ ഷട്ടറുകൾ അടച്ചു; കാക്കാത്തുരുത്തി , മേനാലി പ്രദേശങ്ങളിലെ ഇരുപതോളം വീടുകൾ വെള്ളക്കെട്ടിൽ : ഷട്ടറുകൾ തുറക്കാൻ കഴിയില്ലെന്ന് ഇറിഗേഷൻ വകുപ്പ് ; ജില്ലാ ഭരണകൂടത്തിന്റെയും റവന്യൂ വകുപ്പിന്റെയും ഇടപെടൽ ആവശ്യപ്പെട്ട് പടിയൂർ പഞ്ചായത്ത് അധികൃതർ …
ഇരിങ്ങാലക്കുട : കെഎൽഡിസി കനാലിലെ കൂത്തുമാക്കൽ ഷട്ടറുകൾ പൂർണ്ണമായും അടച്ചതോടെ പടിയൂർ പഞ്ചായത്തിലെ കാക്കാത്തുരുത്തി , കൂത്തുമാക്കൽ, മേനാലി പ്രദേശങ്ങളിൽ വെളളം കയറുന്ന വിഷയം വീണ്ടും. ഇരുപതോളം വീടുകളും കൂത്തുമാക്കൽ മുതൽ കോതറ വരെയുള്ള തെങ്ങിൻ പറമ്പുകളുമാണ് വെള്ളത്തിൽ ആയിരിക്കുന്നത്. പ്രളയത്തിൽ ഏറ്റവും കൂടുതൽ വെള്ളം കയറിയ പ്രദേശങ്ങൾ കൂടിയാണിത്. വേനൽക്കാലത്ത് പോലും വീടുകൾ മാറേണ്ട അവസ്ഥയാണെന്നും വെള്ളം കയറിയത് മൂലം ശുചിമുറികൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ഷട്ടറുകൾ തുറക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് കത്ത് നല്കിയിട്ടുണ്ടെന്നും വാർഡ് മെമ്പർ പ്രേമവൽസൻ പറഞ്ഞു. എന്നാൽ ഷട്ടറുകൾ തുറന്നാൽ ഉപ്പ് വെള്ളം കയറുമെന്നും ചിമ്മിനി ഡാമിൽ നിന്ന് എത്തുന്ന വെള്ളം കടലിലേക്ക് ഒഴുക്കി കളഞ്ഞ് പാഴാക്കാൻ കഴിയില്ലെന്നും കനാലിൽ നിന്നുള്ള ഉപ തോടുകൾ അടയ്ക്കുന്നതിൽ പഞ്ചായത്ത് വരുത്തുന്ന വീഴ്ചയാണ് വെള്ളം കയറാൻ കാരണമാകുന്നതെന്നും ഇറിഗേഷൻ ഉദ്യോഗസ്ഥർ പറയുന്നു. ഉപതോടുകൾ നേരത്തെ തന്നെ കെട്ടിയതാണെന്നും പലകകൾ ചിലർ മാറ്റുന്നതാണ് പ്രശ്നത്തിന് കാരണമാകുന്നതെന്നും തോടുകൾ കെട്ടാനുളള പ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചിട്ടുണ്ടെന്നും രണ്ട് ഷട്ടറുകൾ എങ്കിലും തുറന്ന് വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവൻ അറിയിച്ചു.