എം സി ജോസഫിനെയും ഡോ അച്ച പിളളയെയും അനുസ്മരിച്ച് യുക്തിവാദിസംഘം; കേരളീയ സമൂഹത്തിലേക്ക് അന്ധവിശ്വാസങ്ങൾ ശക്തയോടെ തിരിച്ച് വരികയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു…
ഇരിങ്ങാലക്കുട: കേരളീയ സമൂഹത്തിലേക്ക് അന്ധവിശ്വാസങ്ങൾ ശക്തിയോടെ തിരിച്ച് വരികയാണെന്നും ഈയടുത്ത് നടന്ന നരബലി ഒറ്റപ്പെട്ട സംഭവമല്ലെന്നും ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. കേരള യുക്തിവാദസംഘം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ നടന്ന എം സി ജോസഫ് , ഡോ. അച്ചാപിള്ള അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി . കമ്പോള കേന്ദ്രീകൃതമായ ആഗോളവല്ക്കരണം ആളുകളുടെ മനസ്സിൽ വിതയ്ക്കുന്ന വ്യാമോഹങ്ങളും നിരാശയുമെല്ലാം ആൾദൈവങ്ങൾ ചൂഷണം ചെയ്യുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. ദുരാചാരങ്ങളെക്കുറിച്ച് ചർച്ച സംഘടിപ്പിക്കുന്ന മാധ്യമങ്ങളും ചാനലുകളുമെല്ലാം തന്നെ ജ്യോൽസൻമാരുടെയും വരലക്ഷ്മി യന്ത്രങ്ങളുടെയും പ്രചാരകരായി മാറിയിരിക്കുകയാണ്. മുതലയെ അവതാരമായി കാണുകയും കൊറോണയെ പന്തം തെളിയിച്ച് അകറ്റാമെന്ന് പറയുന്ന ഭരണാധികാരികളെയുടെയും രാജ്യമാണ് ഇന്ത്യയെന്നും യുക്തിവാദ സംഘം കൂടുതൽ ശക്തിയോടെ ഉയർത്തെഴുന്നേല്ക്കേണ്ട സമയമായെന്നും മന്ത്രി പറഞ്ഞു. എസ്എസ് ഹാളിൽ നടന്ന സമ്മേളനത്തിൽ സംഘം സംസ്ഥാന പ്രസിഡണ്ട് ഗംഗൻ അഴീക്കോട് അധ്യക്ഷനായിരുന്നു. ദുരാചാരങ്ങളും യുക്തിചിന്തയും എന്ന വിഷയത്തിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം ടി ശശിധരൻ പ്രഭാഷണം നടത്തി. അന്ധവിശ്വാസങ്ങൾ കൊണ്ട് ലാഭം കൊയ്യുന്നത് മത തീവ്രവാദമാണെന്നും സത്യസന്ധമായ സാമൂഹ്യ ജീവിതത്തെ കരുപ്പിടിപ്പിക്കുന്നതാകണം അന്ധവിശ്വാസങ്ങൾക്കെതിരായ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു. സംഘം ജനറൽ സെക്രട്ടറി ടി കെ ശക്തിധരൻ ഡോ. അച്ചാ പിള്ള അനുസ്മരണവും അഡ്വ അമൽ സി ജെ എം സി ജോസഫ് അനുസ്മരണവും നടത്തി.കെ കെ കൃഷ്ണാനന്ദബാബു , സതീശൻ കുറ്റാശ്ശേരി, റഷീദ് കാറളം, സി ചന്ദ്രബാബു, കെ നളിനി, ശ്രുതി തോമസ് എന്നിവർ സംസാരിച്ചു. പ്രസിഡണ്ട് അഡ്വ കെ ഡി ഉഷ സ്വാഗതവും സജ്ജൻ കാക്കനാട് നന്ദിയും പറഞ്ഞു.