ഓൺലൈനിലൂടെ വ്യാപകമായി പണം തട്ടുന്ന സംഘത്തിലെ ജാർഖണ്ഡ് സ്വദേശിയായ യുവാവ് അറസ്റ്റിൽ ; പിടിയിലായത് കേരളം കേന്ദ്രീകരിച്ച് നടക്കുന്ന ലക്ഷക്കണക്കിന് രൂപയുടെ ഓൺലൈൻ തട്ടിപ്പിലെ മുഖ്യപ്രതി …

ഓൺലൈനിലൂടെ വ്യാപകമായി പണം തട്ടുന്ന സംഘത്തിലെ ജാർഖണ്ഡ് സ്വദേശിയായ യുവാവ് അറസ്റ്റിൽ ; പിടിയിലായത് കേരളം കേന്ദ്രീകരിച്ച് നടക്കുന്ന ലക്ഷക്കണക്കിന് രൂപയുടെ ഓൺലൈൻ തട്ടിപ്പിലെ മുഖ്യപ്രതി …

ഇരിങ്ങാലക്കുട:ഓൺലൈനിലൂടെ ആളുകളെ വഞ്ചിച്ച് വൻതുകകൾ തട്ടിയെടുക്കന്ന സംഘത്തിലെ പ്രധാനിയെ ഇരിങ്ങാലക്കുട തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സംഘം ജാർഖണ്ഡിൽ നിന്ന് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ അജിത് കുമാർ മണ്ഡൽ, (22 വയസ്സ് ) ലൊധാരിയ, ബാൽപഹാഡി പോസ്റ്റ്, തുണ്ടി, ധൻബാദ് ജില്ല എന്നയാളാണ് അറസ്റ്റിലായത്. 2021 ഒക്ടോബർ 8 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരിങ്ങാലക്കുട സ്വദേശിനിയായ യുവതിയുടെ ഭർത്താവിൻെറ 40,000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ആവലാതിക്കാരിയുടെ ഭർത്താവിൻെറ എസ്ബിഐ ബാങ്ക് അക്കൗണ്ട് ബ്ളോക്ക് ആയെന്നും കെവൈസി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും അപ്ഡേറ്റ് ചെയ്യാനുള്ള ലിങ്ക് എന്ന വ്യാജേന എസ്ബിഐ യുടേതെന്ന് തോന്നിക്കുന്ന ഒരു ലിങ്ക് മൊബൈലിലേക്ക് എസ്എംഎസ് ആയി അയച്ച് കൊടുത്തതാണ് തട്ടിപ്പിന്റെ തുടക്കം. തനിക്ക് വന്നത് വ്യാജ സന്ദേശമാണെന്ന് അറിയാതെ മേൽ പറഞ്ഞ ലിങ്കിൽ ക്ളിക്ക് ചെയ്യുകയും തുടർന്ന് എസ്ബിഐ യുടേതെന്ന് തോന്നിപ്പിക്കുന്ന വെബ്ബ് സൈറ്റിൽ തൻെറ ബാങ്ക് ഡീറ്റയിൽസും ഡെബിറ്റ് കാർഡ് ഡീറ്റയിൽസും തുടർന്ന് തൻെറ മൊബൈലിലേക്ക് വന്ന് ഒടിപി കളും കൊടുക്കുകയായിരുന്നു. തുടർന്ന് രണ്ട് ട്രാൻസാക്ഷനുകളിലൂടെ ആവലാതിക്കാരിയുടെ 40,000 ത്തോളം രൂപ നഷ്ടപ്പെടുകയായിരുന്നു. താൻ തട്ടിപ്പിന് ഇരയായി എന്ന് മനസ്സിലാക്കിയ ആവലാതിക്കാരി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്ര ഐപിഎസ് ന് പരാതി നൽകുകയായിരുന്നു. തട്ടിപ്പിന്റെ പ്രാധാന്യം മനസ്സിലാക്കിയ ജില്ലാ പോലീസ് മേധാവി പരാതി വിശദമായി അന്വേഷിക്കാൻ ഇരിങ്ങാലക്കുടയിലുള്ള തൃശ്ശൂർ റൂറൽ ജില്ലാ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ ഏൽപ്പിക്കുകയും അന്വേഷണത്തിനായി സൈബർ ക്രൈം വിദഗ്ധർ അടങ്ങിയ സ്പെഷ്യൽ ടീം രൂപികരിക്കുകയും ചെയ്തു. പ്രതി ഇത്തരം കൃത്യങ്ങൾ ചെയ്യുന്നതിനായി വിവിധ അഡ്രസ്സിലുള്ള 50 ൽ പരം സിംകാർഡുകളും 25-ാളം മൊബൈൽ ഫോണുകളും ഉപയോഗിച്ചിരുന്നു. ഒരു കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോണുകളും സിം നമ്പറുകളും പിന്നീട് പ്രതി ഉപയോഗിക്കാറില്ല. പ്രതി ഉപയോഗിക്കുന്ന സിം നമ്പറുകളെല്ലാം വ്യാജമായി മറ്റുള്ളവരുടെ അഡ്രസ്സിൽ ഉള്ളതുമായിരുന്നു. ആയതിനാൽ പ്രതിയെ തിരിച്ചറിയുന്നതിന് അന്വേഷണസംഘത്തിന് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. പ്രതി ഇതുവരെ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, ബാങ്ക് അക്കൗണ്ടുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, മണിവാലറ്റുകൾ, ഇ കോമേഴ്സ് അക്കൌണ്ടുകൾ തുടങ്ങിയവും പ്രതി തട്ടിപ്പിനായി അയച്ച ലിങ്കിന്റെ ഡൊമൈൻ വിവരങ്ങളും ശേഖരിച്ച് ഒരു വർഷത്തോളം അനലൈസ് ചെയ്ത് നിരിക്ഷിച്ചതിന് ശേഷമാണ് പ്രതിയെ തിരിച്ചറിയാൻ സാധിച്ചത്. പോലീസിനെ കണ്ട് അടുത്തുള്ള കാട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതി സാഹസികമായാണ് അന്വേഷണ സംഘം കീഴപ്പെടുത്തി അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ബാബു തോമസ്, ഡിസ്ട്രിക് ക്രൈം റെക്കോർഡ് ബ്യൂറോ ഡി.വൈ.എസ്.പി പി.സി. ഹരിദാസ്, ഇരിങ്ങാലക്കുട സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ. സുനിൽ കൃഷ്ണൻ, സബ്ബ് ഇൻസ്പെക്ടർ വി. ഗോപികുമാർ, ജില്ലാ ക്രൈം ബാഞ്ച് അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർ പി.പി.ജയകൃഷ്ണൻ, സി.പി.ഒ മാരായ നെഷ്റു.എച്ച്.ബി, അജിത്ത്കുമാർ.കെ.ജി എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. പ്രതി തട്ടിപ്പിനായി ഉപയോഗിച്ചുവന്നിരുന്ന വിവിധ ബാങ്ക് അക്കൌണ്ടുകളുടെ സ്റ്റേറ്റ്മെൻറ് വിവരങ്ങൾ പരിശോധിച്ച് തട്ടിപ്പിനിരയായവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിക്കാനൊരുങ്ങുകയാണ്. കേരളം ആധാരമാക്കി നടന്നിട്ടുള്ള ലക്ഷകണക്കിന് രൂപയുടെ ഓൺലൈൻ തട്ടിപ്പിലെ പ്രാധാനിയാണ് അറസ്റ്റിലായ അജിത് കുമാർ മണ്ഡൽ. ഈ കേസ്സിലേക്ക് ഇനി കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. പ്രതിയെകുറിച്ചുള്ള വിവരങ്ങൾ കേരളത്തിൽ സമാന തട്ടിപ്പ് നടന്ന മറ്റ് ജില്ലാ സൈബർ പോലീസ് സ്റ്റേഷനുകളിലേക്ക് അയച്ച് കൊടുത്ത് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പോലീസ്.

മേം സൈബർ വാലാ നഹീ ഹും

ഓൺലൈൻ പണം തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിയുടെ മൊബൈൽ നമ്പറിന്റെ ടവർ ലൊക്കേഷൻ പിൻതുടർന്ന് ജാർഖണ്ഡിലെ ഗ്രാമപ്രദേശങ്ങളിലെത്തിയ തൃശ്ശൂർ റൂറൽ സൈബർ പോലീസ് അംഗങ്ങൾ അക്ഷരാർത്ഥത്തിൽ ആശയക്കുഴപ്പത്തിലായി. ചുറ്റും മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള നിബിഡ വനം. അങ്ങിങ്ങ് ഒറ്റപ്പെട്ട ചെറിയ വീടുകൾ. ചെറിയ വീടുകൾക്കിടയിൽ കാണപ്പെട്ട ഒരു ആഡംബര വീട് പോലീസിൽ കൌതുകമുണർത്തി. ആ വീടിന്റെ മുന്നിൽ മറ്റ് ഗ്രാമവാസികളിൽ നിന്ന് വേറിട്ട് മോഡേൺ രീതിയിൽ വസ്ത്രം ധരിച്ച് കാണപ്പെട്ട ഒരു ചെറുപ്പക്കാരനിൽ പോലീസിന് സംശയം തോന്നുകയും അയാളുടെ അടുത്തേക്ക് പെട്ടെന്ന് എത്തിയ പോലീസിനോട് എന്തെങ്കിലും ചോദിക്കുന്നതിന് മുൻപ് ആ ചെറുപ്പക്കാരൻ പറഞ്ഞ മറുപടിയാണ് “മേം സൈബർ വാലാ നഹീ ഹും”. പ്രതിയെ പറ്റി ചോദിച്ചപ്പോൾ പേടിച്ചിരണ്ട് ആ ചെറുപ്പക്കാരൻ ആ ആഡംബര വീട്ടിലേക്ക് വിരൽ ചൂണ്ടി. താനാണ് ആ വീട് കാണിച്ച് തന്നതെന്ന് ആരോടും പറയരുതെന്നും തന്നെ അവന്മാർ കൊന്നു കളയുമെന്നും ആ ചെറുപ്പക്കാരൻ പോലീസിനോട് പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾക്ക് പേര് കേട്ട സ്ഥലങ്ങളാണ് ജാർഖണ്ഡ് സംസ്ഥാനത്തെ ജാംതര, ഗിരിഡി, രകാസ്കുട്ടോ, തുണ്ടി എന്നീ സ്ഥലങ്ങൾ. ഭൂരിഭാഗം പേരും ഗ്രാമീണരാണ്. തട്ടിപ്പ് നടത്തുന്നവർ പരാമാവധി +2 വരെ പഠിച്ചിട്ടുള്ളവരാണ്. അപൂർവ്വം ചിലർ ബി.ടെക് തുടങ്ങിയ ടെക്നിക്കൽ കോഴ്സുകൾ കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ ടെക്നിക്കൽ കോഴ്സുകൾ പഠിച്ചിറങ്ങിയവരാണ് പ്രതികൾക്ക് തട്ടിപ്പിനാവശ്യമായ സാങ്കേതിക കാര്യങ്ങൾക്ക് ആളുകൾക്ക് പരിശീലനം കൊടുക്കുന്നത്. ആയതിന് അവർ കമ്മീഷൻ പറ്റുകയും ചെയ്യുന്നു. ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നവർ അറിയപ്പെടുന്ന പേരാണ് സൈബർ വാലാകൾ. അത്തരത്തിലുള്ളവർ ആഡംബര സൌകര്യങ്ങളിൽ ജീവിക്കുന്നു. ഗ്രാമവാസികൾക്ക് ഇത്തരം തട്ടിപ്പ് കാരെ പറ്റി വ്യക്തമായി അറിയാമെങ്കിലും പേടി മൂലം അവർ ഇത്തരം കാര്യങ്ങൾ പുറത്ത് പറയാറില്ല.

ഓൺലൈൻ പണം തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട പ്രതിയെ പെട്ടെന്ന് പിടികൂടാനായത് ജാർഖണ്ഡിലെ ജില്ലാപോലീസ് മേധാവിയായ രേഷ്മ രമേഷ് എന്ന വനിതാ ഐപി എനഎസ് ഓഫീസറുടെ ഇടപെടൽ. കണ്ണൂർ തലശ്ശേരി സ്വദേശിയാണ് ജില്ലാ പോലീസ് മേധാവി രേഷ്മ രമേഷ്. പ്രതികൾക്കായി തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് ടീം തൃശ്ശൂരിൽ നിന്ന് പുറപ്പെടുന്ന സമയം തന്നെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ ജാർഖണ്ഡ് ജില്ലാ പോലീസ് മേധാവിയായ രേഷ്മ രമേഷ് എന്നവരെ ഫോണിൽ ബന്ധപ്പെട്ട് വേണ്ട സഹായത്തിന് അഭ്യർത്ഥിച്ചിരുന്നു. രണ്ട് ജില്ലാ പോലീസ് മേധാവികളുടെ സംയുക്തമായ ഇടപെടൽ അന്വേഷണം ത്വരിതപ്പെടുത്തുവാനും പെട്ടെന്ന് പ്രതിയെ കണ്ടെത്തി അറസ്റ്റു ചെയ്യുവാനും സാധിച്ചു. പ്രശ്നബാധിത പ്രദേശമായതിനാൽ അന്വേഷണത്തിന് കേരള പോലീസിനെ സഹായിക്കാൻ ജാർഖണ്ഡിലെ സൈബർ പോലീസ് അടക്കുമുള്ള സംഘങ്ങൾ സന്നദ്ധമായി സ്ഥലത്തുണ്ടായിരുന്നു. രണ്ട് സംസ്ഥാനങ്ങളിലേയും പോലീസിന്റെ സംയുക്തമായ ഓപ്പറേഷൻ പ്രതിയെ സമർത്ഥമായി കുടുക്കുന്നതിന് സഹായിച്ചു.

 

22 വയസ്സിനുള്ളിൽ തന്നെ പ്രതിക്ക് ബാംഗ്ളൂർ, ഡെൽഹി എന്നിവിടങ്ങളിലായി പതിമൂന്നോളം ആഡംബര വീടുകളും ധൻബാദിലെ തുണ്ടി എന്ന സ്ഥലത്ത് 4 ഏക്കറോളം സ്ഥലവുമുണ്ട്. കൂടാതെ ജാർഖണ്ഡിൽ ഏക്കറുകളോളം കൽക്കരി ഖനികളുമുണ്ട്. പ്രതിക്ക് രണ്ട് പേഴ്സണൽ ബാങ്ക് അക്കൌണ്ടുകളും വെസ്റ്റ് ബംഗാൾ വിലാസത്തിലുള്ള 12 ഓളം ബാങ്ക് അക്കൌണ്ടുകളുമുണ്ട്.

Please follow and like us: