സ്വകാര്യ ബസ്സ് ജീവനക്കാരനെ മർദ്ദിച്ചതായി പരാതി ; തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക് …
ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂർ കോണത്തുകുന്നിലെ റൂട്ടിലെ ഗതാഗത നിയന്ത്രണത്തില്‍ ബസ് ജീവനക്കാരും നാട്ടുകാരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. രാവിലെ അലീനാസ് ബസിലെ ഡ്രൈവര്‍ക്കു നേരെയാണ് നാട്ടുകാർ കയ്യേറ്റം നടത്തിയതായി ബസ് ജീവനക്കാര്‍ ആരോപിക്കുന്നത്. കൊടുങ്ങല്ലൂര്‍ ഷൊര്‍ണൂര്‍ സംസ്ഥാന പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ തുടര്‍ന്നു കോണത്തുകുന്ന് മുതല്‍ കരൂപ്പടന്ന വരെ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തെ തുടർന്ന് ഇപ്പോള്‍ കോണത്തുകുന്നില്‍ നിന്ന് എസ്എന്‍പുരം വഴിയാണ് കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് വാഹനങ്ങള്‍ തിരിച്ചുവിടുന്നത്. ഇത് മോട്ടോര്‍വാഹന വകുപ്പു നിര്‍ദേശിച്ചിരിക്കുന്ന സംവിധാനമാണ്. എന്നാല്‍ നാട്ടുകാരുടെ ചില വാഹനങ്ങള്‍ പണി നടക്കുന്ന വഴിയിലൂടെ കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോവുക പതിവാണെന്ന് ബസ് ജീവനക്കാര്‍ ആരോപിക്കുന്നു. കൊടുങ്ങല്ലൂരില്‍ നിന്നും തൃശൂരിലേക്ക് വരുന്ന ബസുകളുടെ മുന്നിലേക്ക് കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ എതിര്‍ദിശയില്‍ നിന്നും വരുന്നതിനാല്‍ ബസുകള്‍ക്ക് കടന്നുപോകാന്‍ സാധിക്കാറില്ല. ഇന്ന് രാവിലെ ഒരു വശത്തുകൂടി വന്നിരുന്ന ബസുകാരും എതിരെ വന്ന കാറുകാരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും ഇതോടെ നാട്ടുകാര്‍ ബസ് ഡ്രൈവര്‍ക്കെതിരെ അഭ്യസം പറയുകയും മര്‍ദ്ദിക്കാന്‍ ഒരുങ്ങുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ എല്ലാ ബസുകളും സര്‍വീസ് നിത്തിവക്കുവാന്‍ തൊഴിലാളി സംഘടനകള്‍ തീരുമാനമെടുത്തത്. പ്രതിഷേധ സൂചകമായി ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ സര്‍വീസ് നിര്‍ത്തിയിരിക്കുകയാണ് ബസുകള്‍. ഇരിങ്ങാലക്കുട ബസ്റ്റാന്റില്‍ ഓട്ടം അവസാനിപ്പിക്കുന്നതോടെ ദീര്‍ഘദൂര യാത്രക്ക് ടിക്കറ്റെടുത്തവര്‍ ദുരിതത്തിലായി. മിന്നല്‍ പണിമുടക്കിലെ തുടർന്ന് യാത്രക്കാർ വലഞ്ഞു. പ്രശ്ന പരിഹാരത്തിനായി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ബസ് ഓണേഴ്സ് അസോസിയഷനും ജീവനക്കാരുമായും തമ്മിൽ ഉച്ചതിരിഞ്ഞ് ചര്‍ച്ച നടക്കുന്നുണ്ട്.