തൃശ്ശൂർ റവന്യൂ ജില്ലാ കലോൽസവം ; സംഘാടകസമിതി ഓഫീസ് ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ പ്രവർത്തനമാരംഭിച്ചു; ലോഗോ പ്രകാശനം നവംബർ 7 ന് …
ഇരിങ്ങാലക്കുട : നവംബർ 23 മുതൽ 26 വരെ ഇരിങ്ങാലക്കുടയിലെ വിവിധ വേദികളായി നടക്കുന്ന തൃശ്ശൂർ റവന്യു ജില്ലാ കലോൽസവത്തിന്റെ സംഘാടക സമിതി ഓഫീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ കലോൽസവമായി മേളയെ മാറ്റണമെന്നും ചിട്ടയായി മേള സംഘടിപ്പിക്കാൻ നാടിന്റെ സാധ്യതകൾ മുഴുവൻ വിനിയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.നഗരസഭ വൈസ് -ചെയർമാൻ ടി വി ചാർലി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി ടി ജോർജ് , അൽഫോൺസ തോമസ്, എം ആർ ഷാജു , അമ്പിളി ജയൻ, ബൈജു കുറ്റിക്കാടൻ , സിജു യോഹന്നാൻ ,ഡിഇഒ ഇൻ ചാർജ്ജ് ജസ്റ്റിൻ തോമസ് , സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ പ്രതിനിധി എ സി സുരേഷ്, ഗേൾസ് സ്കൂൾ പ്രധാന അധ്യാപകരായ സോണി വി ആർ , ബീന ബേബി, ധന്യ കെ ആർ , മറ്റ് അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. കലോൽസവത്തിന്റെ ലോഗോ പ്രകാശനം നവംബർ 7 ന് നടക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ അറിയിച്ചു.