മികവിന്റെ കേന്ദ്രമായി മാറിയ ക്രൈസ്റ്റ് കോളേജിന് ആദരം; സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസമേഖല മുന്നേറ്റത്തിന്റെ പാതയിലെന്നും മേഖലയുടെ വികസനത്തിനായി സംസ്ഥാനത്ത് ചിലവഴിക്കുന്നത് ആയിരം കോടിയെന്നും മന്ത്രി ഡോ. ആർ ബിന്ദു…
ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനം വലിയ മുന്നേറ്റത്തിനാണ് ഒരുങ്ങുന്നതെന്നും ആയിരം കോടി രൂപയാണ് ബഡ്ജറ്റിൽ മേഖലയ്ക്കായി മാറ്റി വച്ചിരിക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. നാക്കിന്റെ മൂല്യനിർണ്ണയത്തിൽ എ ഡബിൾ പ്ലസ് നേടിയ ക്രൈസ്റ്റ് കോളേജിനെ ആദരിക്കാൻ കോളേജിൽ നടന്ന ചടങ്ങ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസമേഖലയിൽ നടപ്പിലാക്കേണ്ട പരിഷ്ക്കാരങ്ങളെക്കുറിച്ച് പഠിക്കാൻ മൂന്ന് കമ്മീഷനുകളെയാണ് സർക്കാർ നിയോഗിച്ചത്. ഇവയിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ ഘട്ടം ഘട്ടമായി നടപ്പിലാക്കാൻ സർക്കാർ തയ്യാറെടുക്കുകയാണ്. കേരളീയ സമൂഹത്തിന്റെ വികാസത്തിന് അനുയോജ്യമായ മൂർത്തമായ പദ്ധതികൾ നമ്മുടെ സർവകലാശാലകളിൽ നിന്നും കലാലയങ്ങളിൽ നിന്നും ഉയർന്ന് വരേണ്ടതുണ്ട്. വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള വിടവ് നികത്താനും തൊഴിൽ അന്വേഷകർ എന്ന നിലയിൽ നിന്ന് തൊഴിൽദായകരായി വിദ്യാർഥികളെ മാറ്റാനും കഴിയേണ്ടതുണ്ട്. നവവൈജ്ഞാനിക സമൂഹമായി കേരളത്തെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷനായിരുന്നു. എംഎൽഎ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച കമ്പ്യൂഡർ ലാബിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. എംപി ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ടി എൻ പ്രതാപൻ എംപി നിർവഹിച്ചു. കോഴിക്കോട് സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. യൂജിൻ മൊറേലി, ഡോ. എം പി രാജൻ , മുൻ പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ , മുൻ എംഎൽഎ പ്രൊഫ. കെ യു അരുണൻ , ബിജു വർഗ്ഗീസ്, ജെയ്സൻ പാറേക്കാടൻ തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് സ്വാഗതവും വൈസ് – പ്രിൻസിപ്പൽ ഫാ ജോയ് പീണിക്കപ്പറമ്പിൽ നന്ദിയും പറഞ്ഞു.