ഭാര്യയെയും മകളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഇരിങ്ങാലക്കുട സ്വദേശിയായ ഭര്‍ത്താവിന് 37 വര്‍ഷവും 2 മാസവും കഠിനതടവും ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷിച്ച് കൊണ്ട് കോടതി വിധി 

ഭാര്യയെയും മകളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഇരിങ്ങാലക്കുട സ്വദേശിയായ ഭര്‍ത്താവിന് 37 വര്‍ഷവും 2 മാസവും കഠിനതടവും ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷിച്ച് കൊണ്ട് കോടതി വിധി

ഇരിങ്ങാലക്കുട: സംശയരോഗം നിമിത്തം ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ ഇരിങ്ങാലക്കുട മനവലശ്ശേരി കുറുപ്പത്തിപ്പടി പുതുക്കാട്ടില്‍ ശിവരാമന്‍ മകന്‍ ഉണ്ണികൃഷ്ണന്‍ (49 വയസ്സ് )എന്നയാളെ വിവിധ വകുപ്പുകളിലായി 37 വര്‍ഷം 2 മാസം കഠിനതടവിനും ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴയടക്കുന്നതിനും തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജ് പി.എന്‍. വിനോദ് ശിക്ഷ വിധിച്ചു. പിഴയടക്കാത്ത പക്ഷം 1 വര്‍ഷവും 9 മാസവും കൂടുതല്‍ തടവ് അനുഭവിക്കേണ്ടിവരും. പിഴയടക്കുന്ന പക്ഷം പിഴത്തുക പ്രതിയുടെ ഭാര്യയ്ക്കും, മകള്‍ക്കും നല്‍കാനും വിധിയില്‍ പ്രസ്താവിച്ചിട്ടുണ്ട്.

2020 മാര്‍ച്ച് 4ന് പുലര്‍ച്ചെ 2.20ന് പ്രതിയുടെ കുറുപ്പത്തിപ്പടിയിലുള്ള വീട്ടില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപാനിയും, സംശയരോഗിയുമായ പ്രതി ഉണ്ണികൃഷ്ണന്‍ ഭാര്യക്ക് പരപുരുഷബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെയും മകളെയും സംഭവദിവസം പുലര്‍ച്ചെ വെട്ടി ഗുരുതരമായി പരിക്കേല്പിക്കുകയായിരുന്നു. സംശയരോഗിയായ പ്രതി മുന്‍പ് പലപ്പോഴും ഭാര്യയെയും മകളെയും ഉപദ്രവിക്കുകയും, രാത്രിസമയം ഉറങ്ങാതെ വീടിനുപുറത്ത് ആരെങ്കിലും വന്നോ എന്ന് ഇടക്കിടെ പരിശോധിക്കാറുമുണ്ടായിരുന്നു. സംഭവദിവസം അപ്രകാരം പുറത്തുപോകുന്നതു കണ്ട് ഉണര്‍ന്ന ഭാര്യയുടെ ദേഹത്ത് തീ കൊളുത്തുന്നതിനു വേണ്ടി മണ്ണെണ്ണയൊഴിക്കകയായിരുന്നു. പേടിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഭാര്യയെയും മകളെയും പിന്തുടര്‍ന്ന് വീട്ടുപറമ്പിലെ കിണറ്റിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുകയും വെട്ടുകത്തികൊണ്ട് തലയുടെ പുറകിലും, തോളിലും വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചെവിയിലും, കൈവിരലിലും വെട്ടി ഗുരുതരമായി പരിക്കേല്പിക്കുകുയും ചെയ്തിരുന്നു. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിവന്നപ്പോള്‍ പ്രതി സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. പരിക്കേററ ഭാര്യയെയും, കുട്ടിയെയും ഓടിവന്ന അയല്‍വാസികള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

 

സംഭവമറിഞ്ഞ് കാട്ടൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടറായ കെ.ജി. സാജന്‍ സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് സബ് ഇന്‍സ്പെക്ടറായിരുന്ന വി.വി. വിമലാണ് കേസന്വേഷണം നടത്തിയത്. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് സബ് ഇന്‍സ്പെക്ടര്‍ സന്ദീപ്കുമാര്‍ എം.പിയുമായിരുന്നു.

കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 26 രേഖകളും, 12 തൊണ്ടി മുതലുകളും ഹാജരാക്കുകയും, 19 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാര്‍, പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ലിജി മധു എന്നിവര്‍ ഹാജരായി.

Please follow and like us: