ഹരിത കർമ്മ സേനയുടെ ജില്ലയിലെ ഏറ്റവും മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരവുമായി കാട്ടൂർ ഗ്രാമപഞ്ചായത്ത് …

ഹരിത കർമ്മ സേനയുടെ ജില്ലയിലെ ഏറ്റവും മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരവുമായി കാട്ടൂർ ഗ്രാമപഞ്ചായത്ത് …

തൃശ്ശൂർ:പ്ലാസ്റ്റിക് വിമുക്ത കേരളയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ ആരംഭിച്ച ഹരിത കർമ്മ സേനയുടെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ മികച്ച പ്രവർത്തനം കാഴ്ചവെച്ച കാട്ടൂർ ഗ്രാമപഞ്ചായത്ത് പുരസ്കാരം നേടി. സർക്കാർ നിശ്ചയിച്ച പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാട്ടൂർ പഞ്ചായത്തിന് പുരസ്കാരം ലഭിച്ചത്.പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും യൂണിറ്റുകൾ രൂപീകരിച്ച് അജൈവ-ഖര മാലിന്യങ്ങൾ നേരിട്ട് ഏറ്റെടുക്കുന്ന രീതിയാണ് കാട്ടൂർ പഞ്ചായത്ത് വർഷങ്ങളായി ഏറ്റെടുത്ത് വന്നിരുന്നത്.വാർഡ് അടിസ്ഥാനത്തിൽ ഓരോ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക്,ചില്ല്, പഴയ തുണികൾ,ഇലക്ട്രോണിക് അവശിഷ്ടങ്ങൾ തുടങ്ങി പരിസ്ഥിതിക്ക് ദോഷകരമായ എല്ലാ വസ്തുക്കളും ശേഖരിച്ചിരുന്നു.ഇത്തരത്തിൽ ശേഖരിക്കപ്പെടുന്ന വസ്തുക്കൾ എംസിഎഫ് ഇൽ കൊണ്ട് വന്ന് തരം തിരിച്ച് ശുചിത്വ മിഷന്റെ സഹായത്തോടെ ഇവിടെ നിന്നും നിർമാർജ്ജനം ചെയ്യപ്പെടും.എല്ലാ വീടുകളിലും സ്ഥാോനങ്ങളിലും ക്യൂ ആർ കോഡ് പതിപ്പിച്ച് ശുചിത്വ പ്രവർത്തനം മൊബൈൽ ആപ്പിലൂടെ മോണിറ്റർ ചെയ്യുന്ന പദ്ധതി നടപ്പാക്കുന്ന ചുരുക്കം പഞ്ചായത്തുകളിൽ ഒന്നാണ് കാട്ടൂർ.ക്യൂ ആർ കോഡ് സിസ്റ്റത്തിലൂടെ വ്യക്തിവിവരങ്ങൾ അപ്പോഴപ്പോൾ ഓൺലൈൻ ആയി രേഖപ്പെടുത്തും.ഇതിലൂടെ ഹരിത കർമ്മ സേനയുടെ എല്ലാ പ്രവർത്തനങ്ങളും പഞ്ചായത്തിന് പുറമേ സർക്കാരിനും വിലയിരുത്താകാനാവും.

 

പ്ലാസ്റ്റിക്ക് പൊടിച്ചു വേർതിരിക്കുന്നതിന് പദ്ധതി വകയിരുത്തി ഷ്രഡിങ് മെഷീൻ വാങ്ങിച്ചിരുന്നെങ്കിലും 2018 ലേയും 2019 ലേയും മഹാ പ്രളയങ്ങൾ ഈ പദ്ധതിയെ താറുമാറാക്കി.തുടർന്നാണ് ശുചിത്വ മിഷനുമായി പഞ്ചായത്ത് കരാറിൽ ഏർപ്പെട്ടത്.ശേഖരണത്തിന് വിസമ്മതിക്കുന്ന വീടുകളെയും സ്ഥാപനങ്ങളെയും കണ്ടെത്താൻ മാസം തോറും സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധനകൾ സജീവമാണ്. ആരോഗ്യ വകുപ്പിന്റെ സഹകരണം കൂടി ഉൾപ്പെടുത്തി സർക്കാർ മാനദണ്ഡ പ്രകാരം നടത്തുന്ന ഇത്തരം പരിശോധനകളിലൂടെ ഇതുവരെയായും 50000 രൂപ

പിഴയായി പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.വരും ദിവസങ്ങളിൽ കർശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് സെക്രട്ടറി എം.എച് ഷാജിക്ക് പുരസ്കാര വേളയിൽ അറിയിച്ചു.

 

പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്ത് ആണ് ഇടതുപക്ഷ ഭരണ സമിതി കാട്ടൂരിൽ ലക്ഷ്യമിടുന്നതെന്ന് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ പവിത്രൻ പറഞ്ഞു.തൃശ്ശൂർ ജില്ലയിലെ ഏറ്റവും മികച്ച ഹരിത കർമ്മ സേന പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം മുതുവറയിൽ നടന്ന പൊതുപരിപാടിയിൽ വെച്ചു റവന്യു മിനിസ്റ്റർ കെ.രാജനിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ പവിത്രൻ ഏറ്റുവാങ്ങി.സെക്രട്ടറി ഷാജിക്ക്,അസിസ്റ്റന്റ് സെക്രട്ടറി രാജേഷ് ചന്ദ്രൻ, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിമല സുഗുണൻ ,വീ .ഇ.ഒ.മാരായ പ്രജിത,ആതിര ഹരിത കർമ്മ സേന ഭാരവാഹികളായ റസീന, രാജി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Please follow and like us: