സമഗ്ര ആരോഗ്യ വികസനത്തിനായി മുരിയാട് ഗ്രാമപഞ്ചായത്തിന്റെ ‘ജീവധാര’ ; പദ്ധതിക്കായി ചിലവഴിക്കുന്നത് 50 ലക്ഷം രൂപ …
ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്തിൽ ആരോഗ്യമേഖലയിലെ സമഗ്രവും സുസ്ഥിരവുമായ വളർച്ച ലക്ഷ്യമിട്ട് ‘ജീവധാര’ പദ്ധതി.
ആരോഗ്യരംഗത്ത് അടിസ്ഥാന വികസനം,രോഗപ്രതിരോധം, മാതൃ -ശിശു- വയോജന സംരക്ഷണം എന്നീ അടിസ്ഥാന ലക്ഷ്യം കൈവരിക്കുന്നതിനായി 12 ഇന കർമ്മപദ്ധതിക്കാണ് പഞ്ചായത്ത് രൂപം കൊടുത്തിരിക്കുന്നത്. ഒരു വർഷം മുതൽ അഞ്ച് വർഷം വരെ നീണ്ടു നിൽക്കുന്ന പദ്ധതികൾക്കായി 50 ലക്ഷം രൂപയാണ് ചിലവഴിക്കുന്നത്.
ജീവധാരയുടെ വിജയത്തിനായി പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനായി വിവിധ വകുപ്പുകളുടെ പ്രതിനിധികൾ ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാർ ,ആസൂത്രണ സമിതി അംഗങ്ങൾ, സി.ഡി.എസ് ചെയർപേഴ്സൺ, കുടുംബശ്രീ എന്നിവർ ഉൾപ്പെടുന്ന മോണിറ്ററിംഗ് സമിതി രൂപീകരിച്ചു.
ആശാവർക്കർമാർ ,അംഗനവാടി ടീച്ചർമാർ ,കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യദായക സന്നദ്ധപ്രവർത്തകർ എന്നിവർ ഉൾക്കൊള്ളുന്ന നൂറുപേരടങ്ങുന്ന ആക്ഷൻ ടീമിനു രൂപം കൊടുത്തിട്ടുണ്ട് .
ആക്ഷൻ ടീമിന്റെ പ്രഥമ യോഗം പഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സരിത സുരേഷ് അധ്യക്ഷത വഹിച്ചു. ഡോ :ഷീജ, ഡോ: ദീപ, പ്രൊഫ ബാലചന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ സാജു ,സെക്രട്ടറി റെജി പോൾ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രതി ഗോപി ,പഞ്ചായത്ത് അംഗം തോമസ് തൊകലത്ത് ,സി ഡിഎസ് ചെയർപേഴ്സൺ സുനിത രവി എന്നിവർ സംസാരിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ സ്വാഗതവും, ഐ സി ഡി എസ് അൻസാർ എബ്രഹാം നന്ദിയും പറഞ്ഞു.