ചെമ്മണ്ട ശാരദാഗുരുകുലത്തിൽ കേന്ദ്രീയ സംസ്കൃതസർവ്വകലാശാലയുടെ സഹകരണത്തോടെ നൃത്യ – സംഗീത – സംസ്കൃത പഠനപദ്ധതിക്ക് തുടക്കമായി…
ഇരിങ്ങാലക്കുട: സംസ്കൃതഭാരതിയുടെ കീഴിലുള്ള ചെമ്മണ്ട ശ്രീ ശാരദ ഗുരുകുലത്തിൽ കേന്ദ്രീയ സംസ്കൃതസർവ്വകലാശാലയുടെ സഹകരണത്തോടെ നൃത്യ സംഗീത സംസ്കൃത സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിച്ചു. മദ്ധ്യപ്രദേശ് ഉജ്ജയിനി മഹർഷി പാണിനി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ: സിജി വിജയകുമാർ കോഴ്സുകൾ ഉദ്ഘാടനം ചെയ്തു. സംഗീതവും നൃത്യവും സംസ്കൃതവും നമ്മുടെ സാംസ്കാരിക തനിമ നിലനിർത്തുന്നതിനും മാനസിക-ശാരീരികാരോഗ്യത്തിനും സഹായകമാണ് എന്ന് അദ്ദേഹം പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
വിശ്വസംസ്കൃതപ്രതിഷ്ഠാനം സംസ്ഥാന അധ്യക്ഷൻ ഡോ: പി കെ മാധവൻ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നടന കൈരളി ഡയറക്ടർ കപില വേണു , പ്രമുഖ തന്ത്ര ശാസ്ത്ര വിദഗ്ദ്ധനായ തരണനെല്ലൂർ പ്രദീപൻ നമ്പൂതിപ്പാട് എന്നിവർ മുഖ്യാതിഥികളായിരുന്നു.
നാഗാർജുന ചാരിറ്റീസ് പ്രസിഡന്റ് വാചസ്പതി നന്ദകുമാർ സ്വാഗതവും സെക്രട്ടറി അഡ്വക്കേറ്റ് ടി.കെ.മധു നന്ദിയും പറഞ്ഞു. നാഗാർജുനചാരിറ്റീസ് മാനേജർ അമ്പാടി രാമചന്ദ്രൻ കോഴ്സിനെക്കുറിച്ച് വിവരിച്ചു.