കാട്ടൂർ ബൈപ്പാസ് റോഡ് നവീകരണം ഉൾപ്പെടെ ഒരു കോടിയോളം രൂപയുടെ നിർമ്മാണ പ്രവർത്തികളുടെ ടെണ്ടറുകൾക്ക് ഇരിങ്ങാലക്കുട നഗരസഭ യോഗത്തിന്റെ അംഗീകാരം.

കാട്ടൂർ ബൈപ്പാസ് റോഡ് നവീകരണം ഉൾപ്പെടെ ഒരു കോടിയോളം രൂപയുടെ നിർമ്മാണ പ്രവർത്തികളുടെ ടെണ്ടറുകൾക്ക് ഇരിങ്ങാലക്കുട നഗരസഭ യോഗത്തിന്റെ അംഗീകാരം.

ഇരിങ്ങാലക്കുട: കാട്ടൂർ ബൈപ്പാസ് റോഡ് നവീകരണം ഉൾപ്പെടെ ഒരു കോടിയോളം രൂപയുടെ നിർമ്മാണ പ്രവർത്തികളുടെ ടെണ്ടറുകൾക്ക് നഗരസഭ യോഗത്തിന്റെ അംഗീകാരം. ഹിൽ പാർക്ക് പ്ലാന്റിൽ എംസി എഫ് നിർമ്മാണം, താലൂക്ക് ആശുപത്രി യാർഡിൽ ടൈൽ വിരിക്കൽ തുടങ്ങിയ പ്രവ്യത്തികളാണ് പട്ടികയിലുള്ളത്.

തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട കരാർ പുതുക്കി നിലവിലുള്ള കരാറുകാരന് തന്നെ നല്കാൻ യോഗം തീരുമാനിച്ചു. നിലവിലുള്ള കരാറുകാരന്റെ പ്രവ്യത്തി സംബന്ധിച്ച് കാര്യമായ ആക്ഷേപങ്ങൾ ഇല്ലാത്ത സാഹചര്യത്തിലാണ് ടെണ്ടർ വിളിക്കാതെ കരാർ പുതുക്കി നല്കുന്നത്. ടെണ്ടർ ഒഴിവാക്കിയുളള നടപടി ഓഡിറ്റിങ്ങിൽ പ്രശ്നമാകുമെന്നും കുറഞ്ഞ തുകയിൽ ടെണ്ടർ ലഭിച്ചാൽ പരിശോധിക്കേണ്ടി വരുമെന്നും എഞ്ചിനീയറിംഗ് വിഭാഗം ചൂണ്ടിക്കാട്ടി. എന്നാൽ നിർവഹണ രീതി മാത്രമേ മാറുന്നുളളുവെന്നും സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് വിഷയം സങ്കീർണ്ണമാക്കുകയാണ് എഞ്ചിനീയറിംഗ് വിഭാഗം ചെയ്യുന്നതെന്നും വൈസ് -ചെയർമാൻ ടി വി ചാർലി പറഞ്ഞു. അതേ സമയം പട്ടണത്തിലെ സോഡിയം പേപ്പർ ലൈറ്റുകൾ അധികവും പ്രവർത്തനരഹിതമായി തുടരുകയാണെന്ന് ഭരണകക്ഷി അംഗങ്ങളായ സുജ സഞ്ജീവ് കുമാർ , ബിജു പോൾ അക്കരക്കാരൻ എന്നിവർ പറഞ്ഞു.

ഠാണാ – ചന്തക്കുന്ന് വികസന പദ്ധതിയുമായി ബന്ധപ്പെട്ട് പദ്ധതി ബാധിതരുടെ യോഗം വിളിച്ച് ചേർക്കാൻ യോഗത്തിൽ തീരുമാനമായി.

 

ഒരു കോടി രൂപ ഉപയോഗിച്ചുള്ള തളിയക്കോണം സ്റ്റേഡിയം നവീകരണത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കണമെന്ന് അഡ്വ കെ ആർ വിജയ , ടി കെ ജയാനന്ദൻ , സി സി ഷിബിൻ എന്നിവർ ആവശ്യപ്പെട്ടു. കളി സ്ഥലം എന്ന തലത്തിലുള്ള മൈതാനത്തിന്റെ വികസനമാണ് പരിസരവാസികൾ പ്രതീക്ഷിക്കുന്നതെന്നും കരടിൽ പറയുന്ന പ്രവൃത്തികൾക്ക് ഫണ്ട് തികയുമോയെന്ന് ആശങ്ക ഉണ്ടെന്നും അംഗങ്ങൾ പറഞ്ഞു.

നഗരസഭയുടെ നിയന്ത്രണത്തിലുള്ള മൈതാനങ്ങളിൽ ടിക്കറ്റ് വച്ച് നടത്തുന്ന പരിപാടികൾക്ക് ഷോ ടാക്സ് ഈടാക്കാനുള്ള ഭേദഗതിയോടെ കരട് ബൈലോ അംഗീകരിച്ചു.

അംഗങ്ങളായ ജെയ്സൻ പാറേക്കാടൻ , സന്തോഷ് ബോബൻ ,എം ആർ ഷാജു, അൽഫോൺസ തോമസ് അഡ്വ ജിഷ ജോബി, ജസ്റ്റിൻ തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു. യോഗത്തിൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.

Please follow and like us: